കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം മത്സരം ആരംഭിച്ചപ്പോള്‍ ഏവരും ഒന്നുഞെട്ടി. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ച വൃദ്ധിമാന്‍ സാഹയെ മൂന്നാം ദിനം മത്സരം ആരംഭിച്ചപ്പോള്‍ കാണാനില്ല ! പകരം ശ്രീകര്‍ ഭരത് കീപ്പ് ചെയ്യുന്നു. 

ഇതോടെ സമൂഹമാധ്യമങ്ങളില്‍ സാഹയ്‌ക്കെന്തുപറ്റി എന്ന ചോദ്യവുമായി ആരാധകരെത്തി. വൈകാതെ അതിനുള്ള ഉത്തരവുമായി ഇന്ത്യന്‍ ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ രംഗത്തുവന്നു.

മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ സാഹ വിശ്രമത്തിലാണെന്നായിരുന്നു ബി.സി.സിയുടെ വിശദീകരണം. ' സാഹയുടെ കഴുത്തില്‍ നീര്‍ക്കെട്ടുണ്ട്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിക്കുകയാണ്. സാഹയ്ക്ക് പകരം ശ്രീകര്‍ ഭരത് വിക്കറ്റ് കീപ്പറാകും' -ബി.സി.സി.ഐ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. 

37 കാരനായ സാഹയെ കുറച്ചുകാലമായി പരിക്ക് വിടാതെ പിന്തുടരുകയാണ്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതിനാലാണ് സാഹയ്ക്ക് അവസരം ലഭിച്ചത്. എന്നാല്‍ കിട്ടിയ അവസരം ആദ്യ ഇന്നിങ്‌സില്‍ മുതലാക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സില്‍ സാഹയ്ക്ക് വെറും ഒരു റണ്‍ മാത്രമാണ്  നേടാനായത്. 

സാഹയ്ക്ക് പകരം കളിക്കാനിറങ്ങിയ ശ്രീകര്‍ ഭരത് മികച്ച ക്യാച്ചിലൂടെ കിവീസ് ഓപ്പണര്‍ വില്‍ യങ്ങിനെ പുറത്താക്കി. പകരക്കാരനായെങ്കിലും ആദ്യമായാണ് താരം ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. 

Content Highlights: Wriddhiman Saha out with stiff neck issue, Srikar Bharat keeps wickets