കൊളംബോ:  ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കുംബ്ലെയും ടീമംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ. കുംബ്ലെ കാര്‍ക്കശ്യക്കാരനാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും എന്നാല്‍ ടീമിലെ മറ്റു പലര്‍ക്കും അദ്ദേഹം അങ്ങിനെയായിരുന്നുവെന്നും സാഹ വ്യക്തമാക്കി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാഹ.

കഴിഞ്ഞ ജൂണിലാണ് കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചത്. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു ഇതിന് കാരണം. 

കുംബ്ലെക്ക് എപ്പോഴും ടീം വലിയ സ്‌കോര്‍ നേടണമെന്ന ആഗ്രഹമായിരുന്നു. 400നോ 600നോ ഇടയില്‍ ടീമിന്റെ ആകെ സ്‌കോര്‍ വേണം. എതിര്‍ ടീമിനെ 200 റണ്‍സിനുള്ളില്‍ ഒതുക്കുകയും വേണം. പക്ഷേ അത് എപ്പോഴും നടക്കുന്ന കാര്യമല്ലായിരുന്നു. സാഹ പറയുന്നു.

എന്നാല്‍ രവി ശാസ്ത്രിയുടെ പരിശീലനം വ്യത്യസ്തമാണ്. എതിരാളിയെ അടിച്ചൊതുക്കാനാണ് അദ്ദേഹം ആവശ്യപ്പെടുക. പക്ഷേ കുംബ്ലെയും ശാസ്ത്രിയും പോസിറ്റീവായ കാര്യങ്ങള്‍ മാത്രമേ സംസാരിക്കൂ. എപ്പോഴും അക്രമണോത്സുകത കാണിക്കുന്ന പരിശീലകനാണ് ശാസ്ത്രിയെന്നും സാഹ പറയുന്നു.

ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിക്കാനും സാഹ മറന്നില്ല. കാലത്തിനനുസരിച്ച് മാറാന്‍ കോലിക്ക് അറിയാമെന്നും സഹതാരങ്ങളുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവനാണ് കോലിയെന്നും സാഹ പറഞ്ഞു. പുറത്തു പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഒരുമിച്ചായിരിക്കും. അത് കോലിയുടെ ഒരു പ്ലസ് പോയിന്റാണ്. സാഹ വ്യക്തമാക്കി.