സതാംപ്റ്റൺ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യൂസീലന്റ്. പരിക്കിന്റെ പിടിയിലുള്ള ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാൾട്ടിങും ടീമിലുണ്ട്. സ്പെഷ്യലിസ്റ്റ് സ്പിന്നറായ അജാക്സ് പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലുണ്ടായിരുന്ന കോളിൻ ഗ്രാൻഡ്ഹോം, വിൽ യങ്, ടോം ബ്ലണ്ടൽ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. അതേസമയം ജേക്കബ് ഡഫി, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, ഡൗഗ് ബ്രെയ്സ്വെൽ എന്നിവരെ ഒഴിവാക്കി. പേസ് ബൗളർമാരായ മാറ്റ് ഹെൻട്രി, ട്രെന്റ് ബോൾട്ട്, ടിം സൗത്തി, കെയ്ൽ ജമെയ്സൺ എന്നിവരും ടീമിൽ ഇടം നേടി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നാല് വിക്കറ്റ് വീഴ്ത്തിയ അജാക്സ് ഫൈനലിൽ ടീമിന് മുതൽക്കൂട്ടാകുമെന്ന് പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കി. കെയ്ൻ വില്ല്യംസണും ബിജെ വാൾട്ടിങും ഫൈനൽ ആകുമ്പോഴേക്ക് ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റെഡ് കൂട്ടിച്ചേർത്തു. പരിക്കിനെ തുടർന്ന് ഇരുവരും ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് കളിച്ചിരുന്നില്ല

ജൂൺ പതിനെട്ടിന് സതാംപ്റ്റണിലെ ഏജീസ് ബൗളിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 1-0ത്തിന് ന്യൂസീലന്റ് സ്വന്തമാക്കിയിരുന്നു. 1999-ന് ശേഷം ഇംഗ്ലീഷ് മണ്ണിൽ കിവീസിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു അത്. ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസീലന്റ് ഒന്നാമതെത്തുകയും ചെയ്തു.

Content Highlights: World Test Championship Final Kane Williamson Returns From Injury As New Zealand Name 15 Man Squad