സതാംപ്ടണ്‍: പടിക്കല്‍ കലമുടയ്ക്കുന്നവര്‍ എന്ന പഴി ഇനി ന്യൂസീലന്‍ഡിന് ചേരില്ല. തുടര്‍ച്ചയായി രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയില്‍ ഏകദിന കിരീടം കൈവിട്ട ചരിത്രമുള്ള കിവീസ് ഇംഗ്ലീഷ് മണ്ണില്‍ വച്ചുതന്നെ കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി പിഴ തീര്‍ത്തു. മഴയുടെ ശക്തവും ഇന്ത്യയുടെ ദുര്‍ബലവുമായ പ്രതിരോധങ്ങളെ കെയ്ന്‍ വില്ല്യംസന്റെ നേതൃത്വത്തില്‍ ചെറുത്തുതോല്‍പിച്ചാണ് ന്യൂസീലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്. മഴമൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു കിവീസിന്റെ കന്നി കിരീടജയം. 

രണ്ടാമിന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 53 ഓവറില്‍ 139 റണ്‍സ് എന്ന ദുര്‍ബലമായ വെല്ലുവിളി 45.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കിവീസ് മറികടന്നത്. ഓപ്പണര്‍മാരായ ടോം ലാഥമും (9) ഡെവോണ്‍ കോണ്‍വെയും (19) മാത്രമാണ് വിക്കറ്റ് കളഞ്ഞത്. അശ്വിനാണ് ഇവരെ രണ്ടുപേരെയും മടക്കിയത്. ക്യാപ്റ്റന്‍ വില്ല്യംസണും (52*) റോസ് ടെയ്ലറും (47*) പുറത്താകാതെ നിന്നു. രണ്ടിന്നിങ്സിലുമായി ഒരൊറ്റ ബാറ്റ്സ്മാന്‍ പോലും അര്‍ധശതകം തികയ്ക്കാത്ത മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 

മഴയില്‍ മുങ്ങിയ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ജാമിസണിനു മുന്നില്‍ മുട്ടുവിറച്ച് 217 റണ്‍സ് മാത്രമാണ് നേടാനായത്. 32 റണ്‍സ് ലീഡോടെ 249 റണ്‍സായിരുന്നു കിവീസിന്റെ മറുപടി. രണ്ടാമിന്നിങ് ഇന്ത്യ വെറും 170 റണ്‍സിന് കൂടാരം കയറി.

രണ്ടാമിന്നിങ്സില്‍ 41 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. നാല് വിക്കറ്റെടുത്ത ടിം സൗത്തിയുടേയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റേയും രണ്ടു വിക്കറ്റെടുത്ത കൈല്‍ ജാമിസന്റെയും മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ തകര്‍ന്നു. നീല്‍ വാഗ്നര്‍ ഒരു വിക്കറ്റെടുത്തു.

രണ്ട് വിക്കറ്റിന് 64 റണ്‍സ് എന്ന നിലയില്‍ റിസര്‍വ് ദിനത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടമായി. 29 പന്തില്‍ 13 റണ്‍സെടുത്ത കോലി വീണ്ടും ജാമിസണ് മുന്നില്‍ വീണു. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ചേതേശ്വര്‍ പൂജാരയും (15) ക്രീസ് വിട്ടു. ജാമിസണ് തന്നെയായിരുന്നു വിക്കറ്റ്. പിന്നീട് അജിങ്ക്യ രഹാനേയും ഋഷഭ് പന്തും പിടിച്ചുനില്‍ക്കാന്‍ നോക്കി. എന്നാല്‍ 15 റണ്‍സെടുത്ത രഹാനയെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് കിവീസിന് മേല്‍ക്കൈ നല്‍കി.

ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും 33 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 16 റണ്‍സെടുത്ത ജഡേജയെ പുറത്താക്കി വാഗ്നര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ലഞ്ചിന് ശേഷം ഇന്ത്യയുടെ ആദ്യ വിക്കറ്റായിരുന്നു അത്. പിന്നാലെ ഋഷഭ് പന്തിനെ ബോള്‍ട്ട് തിരിച്ചയച്ചു. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 156/7. ഒരു പന്തിന്റെ ഇടവേളയില്‍ അശ്വിനും (7) ക്രീസ് വിട്ടു. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോഴും അതേ സ്‌കോറായിരുന്നു.

അടുത്തത് ടിം സൗത്തിയുടെ ഊഴമായിരുന്നു. മുഹമ്മദ് ഷമിയേയും ജസ്പ്രീത് ബുംറയേയും സൗത്തി ടോം ലാഥത്തിന്റെ കൈയിലെത്തിച്ചു. ഒരു റണ്ണുമായി ഇഷാന്ത് ശര്‍മ പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും ശുഭ്മാന്‍ ഗില്ലിനേയും അഞ്ചാം ദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു. ശുഭ്മാന്‍ എട്ടു റണ്‍സും രോഹിത് 30 റണ്‍സുമെടുത്തു.

Content Highlights: World Test Championship Final India vs New Zealand Day 6