സതാംപ്റ്റൺ:  മഴ മാറിനിന്നതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിൽ ആവേശച്ചൂട്. ന്യൂസീലൻഡിനെതിരേ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോലിയും ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയുമാണ് പുറത്തായത്. 29 പന്തിൽ 13 റൺസെടുത്ത കോലി വീണ്ടും കെയ്ൽ ജമെയ്സണ് മുന്നിൽ വീഴുകയായിരുന്നു. 80 പന്തിൽ നിന്ന് 15 റൺസാണ് പൂജാരയ്ക്ക് നേടാനായത്. ജമെയ്സൺ തന്നെയാണ് ടെയ്ലറു​ടെ കൈയിലെത്തിച്ച് മടക്കിയത്. പൂജാര മടങ്ങുമ്പോൾ ടീം സ്കോർ 72 ആണ്. പിന്നീട് അജിങ്ക്യ രഹാനെയെ ബൗൾഡ് മടക്കി. 40 പന്തിൽ നിന്നുള്ള 15 റൺസായിരുന്നു രഹാനെയുടെ സംഭാവന. അഞ്ചാം വിക്കറ്റ് വീഴുമ്പോൾ 109 റൺസെടുത്തു നിൽക്കുകയായിരുന്നു ഇന്ത്യ.

രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്. ഓപ്പണർമാരായ രോഹിത് ശർമയേയും ശുഭ്മാൻ ഗില്ലിനേയും അഞ്ചാം ദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു. ശുഭ്മാൻ എട്ടു റൺസും രോഹിത് 30 റൺസുമെടുത്തു. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 217 റൺസിനെതിരേ ന്യൂസീലൻഡ് 249 റൺസിന് പുറത്തായിരുന്നു. 32 റൺസിന്റെ ലീഡും കിവീസ് സ്വന്തമാക്കി.

മഴ മൂലം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ അഞ്ചാം ദിവസത്തെ കളിയിൽ മുഹമ്മദ് ഷമിയുടെ ബൗളിങ്ങിൽ ന്യൂസീലൻഡിന് പിടിച്ചുനിൽക്കാനായില്ല. മുഹമ്മദ് ഷമി 26 ഓവറിവൽ 76 റൺസ് വഴങ്ങി നാല് വിക്കറ്റും ഇഷാന്ത് ശർമ 25 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റും നേടി. ആർ അശ്വിൻ രണ്ടു വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

ഓപ്പണർമാരായ ടോം ലാഥവും ഡെവോൺ കോൺവേയുടെ പ്രകടനത്തിന് പിന്നാലെ കെയ്ൻ വില്ല്യംസണിന്റെ ചെറുത്തുനിൽപ്പാണ് ന്യൂസീലൻഡിന് നേരിയ ലീഡ് സമ്മാനിച്ചത്. ടോം ലാഥം 30 റൺസും ഡെവോൺ കോൺവേ 54 റൺസുമെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 177 പന്തിൽ ആറു ഫോറിന്റെ സഹായത്തോടെ വില്ല്യംസൺ 49 റൺസടിച്ചു. അർധ സെഞ്ചുറിയിലെത്തും മുമ്പ് ഇഷാന്ത് ശർമയാണ് വില്ല്യംസൺന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയത്.

മഴ മൂലം ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്.

Content Highlights: World Test Championship Final India vs New Zealand Day 6