സതാംപ്ടണ്‍: മഴ ഇടയ്ക്കിടെ തടസം സൃഷ്ടിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയില്‍.

ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 32 റണ്‍സ് ലീഡായി. ചേതേശ്വര്‍ പൂജാരയും (12*), ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് (8*) ക്രീസില്‍. റിസര്‍വ് ദിനമായ നാളത്തെ മത്സരം മാത്രം ബാക്കിനില്‍ക്കേ കളി സമനിലയിലേക്കാണ് നീങ്ങുന്നത്.

33 പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത ഗുഭ്മാന്‍ ഗില്ലിന്റെയും 81 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടുപേരെയും ടീം സൗത്തി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 249 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 32 റണ്‍സിന്റെ ലീഡും അവര്‍ സ്വന്തമാക്കി.

മഴ മൂലം ഒരു മണിക്കൂര്‍ വൈകിത്തുടങ്ങിയ അഞ്ചാം ദിവസത്തെ കളിയില്‍ മുഹമ്മദ് ഷമിയുടെ ബൗളിങ്ങില്‍ ന്യൂസീലന്റിന് പിടിച്ചുനില്‍ക്കാനായില്ല. രണ്ട് വിക്കറ്റിന് 101 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം തുടങ്ങിയ ന്യൂസീലന്‍ഡിന് 16 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 

11 റണ്‍സെടുത്ത റോസ് ടെയ്‌ലറെ മുഹമ്മദ് ഷമി ശുഭ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സിനെ (7) ഇഷാന്ത് ശര്‍മ പുറത്താക്കി. രോഹിത് ശര്‍മ ക്യാച്ചെടുത്തു. അടുത്തത് ബിജെ വാട്ട്‌ലിങ്ങിന്റെ ഊഴമായിരുന്നു. നേരിട്ട മൂന്നാം പന്തില്‍ വാട്ട്‌ലിങ്ങിനെ ഷമി ബൗള്‍ഡാക്കി. ഒരു റണ്ണായിരുന്നു താരത്തിന്റെ സമ്പാദ്യം. 

ഉച്ചഭക്ഷണത്തിന് ശേഷവും ഷമി ആധിപത്യം തുടര്‍ന്നു. 30 പന്തില്‍ 13 റണ്‍സെടുത്ത ഗ്രാന്റ്‌ഹോമിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഷമി വീണ്ടും കത്തിക്കയറി. ഷമിയുടെ അടുത്ത ഇര കെയ്ല്‍ ജമെയ്‌സണായിരുന്നു. ജമെയ്‌സണ്‍ ബുംറയുടെ കൈയിലെത്തുമ്പോഴേക്കും 16 പന്തില്‍ 21 റണ്‍സ് അടിച്ചിരുന്നു. ഒരു സിക്‌സും ജമെയ്‌സണ്‍ന്റെ ബാറ്റില്‍ നിന്ന് പിറന്നു.

ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണായിരുന്നു എട്ടാമതായി പുറത്തായത്. 177 പന്തില്‍ ആറു ഫോറിന്റെ സഹായത്തോടെ വില്ല്യംസണ്‍ 49 റണ്‍സടിച്ചു. അര്‍ധ സെഞ്ചുറിയിലെത്തും മുമ്പ് ഇഷാന്ത് ശര്‍മയാണ് വില്ല്യംസണ്‍ന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത്. അപ്പോഴേക്കും ന്യൂസീലന്റ് സ്‌കോര്‍ 200 കടന്നിരുന്നു. അഞ്ചു പന്ത് നേരിട്ട നീല്‍ വാഗ്‌നറെ അക്കൗണ്ട് തുറക്കുംമുമ്പ് അശ്വിന്‍ തിരിച്ചയച്ചു. രവീന്ദ്ര ജഡേജയ്ക്കു മുമ്പില്‍ ടിം സൗത്തിയുടെ ചെറുത്തുനില്‍പ്പും അവസാനിച്ചു. 46 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം സൗത്തി 30 റണ്‍സ് അടിച്ചു.

30 റണ്‍സെടുത്ത ടോം ലാഥത്തിന്റേയും 54 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയുടേയും വിക്കറ്റുകള്‍ മൂന്നാം ദിവസം നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യക്കായി മുഹമ്മദ് ഷമി 26 ഓവറിവല്‍ 76 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ഇഷാന്ത് ശര്‍മ 25 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും നേടി. ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

മഴ മൂലം ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവര്‍ മാത്രമാണ്. നഷ്ടപ്പെട്ട ദിവസത്തെ കളി റിസര്‍വ് ഡേ ആയ ബുധനാഴ്ച്ച നടക്കും.

Content Highlights: World Test Championship Final India vs New Zealand Day 5