സതാംപ്റ്റൺ: മഴയുമായി ഒളിച്ചുകളി നടത്തുന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലൻഡ് ഇന്ത്യയ്ക്കെതിരേ 249 റൺസിന് ഓൾഔട്ടായി. 99.2 ഓവറാണ് അവർക്ക് ബാറ്റ് ചെയ്യാനായത്. 217 റൺസെടുത്ത ഇന്ത്യയ്ക്കെതിരേ 32 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡാണ് അവർക്കുള്ളത്.

49 ഓവറിൽ രണ്ടിന് 101 റൺസ് എന്ന നിലയിൽ കളി തുടങ്ങിയ കിവീസിന് ഉച്ചഭക്ഷണമാകുമ്പൊഴേയ്ക്കും തന്നെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. കെവിൻ വില്ല്യംസണാണ് അഞ്ചാം ദിനം ചെറുത്തുനിന്നത്. 117 പന്തിൽ നിന്ന് 49 റൺെടുത്ത വില്ല്യംസണെ ഇശാന്ത് ശർമ ക്യാപ്റ്റൻ കോലിയുടെ കൈയിലെത്തിച്ചതോടെയാണ് കിവീസ് ചെറുത്തുനിൽപ്പ് അവസാനിച്ചത്. ടിം സൗത്തി 30 റൺസെടുത്ത് വില്ല്യംസന് നല്ല പിന്തുണ നൽകി. റോസ് ടെയ്ലർ പതിനൊന്നും ജാമിസൺ 21 ഉം ഗ്രാൻഡ്ഹോം പതിമൂന്നും റൺസാണ് നേടിയത്.

ഇന്ത്യയ്ക്കുവേണ്ടി ഷമി 24 ഓവറിൽ നാലു വിക്കറ്റ് വീഴ്ത്തി. ഇശാന്ത് മൂന്നും അശ്വിൻ രണ്ടും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. രണ്ട് വിക്കറ്റിന് 101 റൺസ് എന്ന നിലയിൽ തുടങ്ങിയ ന്യൂസീലൻഡിന് 16 റൺസ് ചേർക്കുന്നതിനിടയിലാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. 11 റൺസെടുത്ത റോസ് ടെയ്ലറെ മുഹമ്മദ് ഷമി ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ഹെൻ​റി നിക്കോൾസിനെ (7) ഇഷാന്ത് ശർമ പുറത്താക്കി. രോഹിത് ശർമ ക്യാച്ച് ചെയ്തു. അടുത്തത് ബിജെ വാട്ട്ലിങ്ങിന്റെ ഊഴമായിരുന്നു. നേരിട്ട മൂന്നാം പന്തിൽ വാട്ട്ലിങ്ങിനെ ഷമി ബൗൾഡാക്കി. ഒരു റണ്ണാണ് താരത്തിന്റെ സമ്പാദ്യം.

30 റൺസെടുത്ത ടോം ലാഥത്തിന്റേയും 54 റൺസെടുത്ത ഡെവോൺ കോൺവേയുടേയും വിക്കറ്റുകൾ മൂന്നാം ദിവസം നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു.

ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും മഴ മൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്. ഒരു റിസർവ് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ജേതാക്കളെ കണ്ടെത്തുക പ്രയാസകരമായിരിക്കും.

Content Highlights: World Test Championship Final India vs New Zealand Day 5