സതാംപ്റ്റൺ:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന ഫൈനലിന്റെ രണ്ടാം ദിവസം വെളിച്ചക്കുറവുമൂലം മത്സരം നിര്‍ത്തിവെച്ചു. ടോസ് നഷ്ടപ്പെട്ട്‌ ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന നിലയിലായ സമയത്താണ് മത്സരം നിര്‍ത്തിവെച്ചത്.

നായകന്‍ വിരാട് കോലി (35) സഹനായകന്‍ അജിങ്ക്യ രഹാനെ (22) എന്നിവരാണ് ക്രീസിലുള്ളത്. വെളിച്ചക്കുറവിനെത്തുടര്‍ന്ന് രണ്ടാം സെഷന്‍ നേരത്തേ അവസാനിപ്പിച്ച് അതിവേഗത്തില്‍ മൂന്നാം സെഷന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മൂന്നാം സെഷനില്‍ വെറും മൂന്ന് ഓവറുകള്‍ എറിഞ്ഞപ്പോഴേക്കും വെളിച്ചക്കുറവ് രസംകൊല്ലിയായി. മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ശക്തമായി മഴ പെയ്തതോടെ ഒരു പന്തുപോലും എറിനായാകാതെ മത്സരം നിര്‍ത്തിവെച്ചിരുന്നു. 

ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് 68 പന്തിൽ നിന്ന് 34 ഉം ഗിൽ 64ൽ നിന്ന്  28 ഉം റൺസാണ് നേടിയത്.

രോഹിതിനെ ജാമിസണിന്റെ പന്തിൽ സൗത്തി പിടികൂടിയപ്പോൾ ഗില്ലിനെ  വാഗ്നർ കീപ്പർ വാട്ലിങ്ങിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ പൂജാര ക്ഷമയോടെ തുടങ്ങിയെങ്കിലും എട്ടുറണ്‍സെടുത്ത താരത്തെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 62 ന് പൂജ്യം എന്ന നിലയില്‍ നിന്നും 88 ന് മൂന്ന് എന്ന സ്‌കോറിലേക്ക് ഇന്ത്യ വീണു. പിന്നീട് ഒത്തുചേര്‍ന്ന കോലിയും രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ രക്ഷിച്ചത്.

മഴ ഒരു ദിവസം കവർന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഒരു പന്ത് പോലും എറിയാതെയാണ് ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിച്ചത്. ഇന്നും മഴ മുന്നറിയിപ്പിനിടയിലാണ് മത്സരം നടക്കുന്നത്. ആദ്യ സെഷൻ മഴ പെയ്യാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്കുശേഷം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഒരു ദിവസം റിസർവ് ഡേ ഉള്ളതിനാൽ ആദ്യ ദിവസം നഷ്ടപ്പെട്ട കളി അന്ന് നടക്കും. ഇനി മഴ വില്ലനാകുകയാണെങ്കിൽ ടെസ്റ്റ് സമനിലയിലാകുകയും ഇരുടീമുകളും ട്രോഫി പങ്കിടുകയും ചെയ്യും.

Content Highlights: World Test Championship Final India vs New Zealand