Photo: twitter.com/llct20
അല്‍ അമീറത്ത്: റണ്‍മഴ പിറന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഏഷ്യന്‍ ലയണ്‍സിനെ തകര്‍ത്ത് വേള്‍ഡ് ജയന്റ്സിന് കിരീടം. 487 റണ്‍സ് പിറന്ന ഫൈനല്‍ മത്സരത്തില്‍ 25 റണ്‍സിനായിരുന്നു വേള്‍ഡ് ജയന്റ്സിന്റെ ജയം.
ടോസ് നേടിയ ഏഷ്യന്‍ ലയണ്‍സ് വേള്‍ഡ് ജയന്റ്സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് വേള്‍ഡ് ജയന്റ്സ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഏഷ്യന്‍ ലയണ്‍സിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ വേള്‍ഡ് ജയന്റ്സ് 43 പന്തില്‍ നിന്ന് എട്ട് സിക്സും ഏഴ് ഫോറുമടക്കം 94 റണ്‍സെടുത്ത കോറി ആന്‍ഡേഴ്സന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു.
കെവിന് പീറ്റേഴ്സണ് (22 പന്തില്‍ നിന്ന് 48 റണ്‍സ്), ബ്രാഡ് ഹാഡിന് (16 പന്തില്‍ നിന്ന് 37 റണ്‍സ്), ഡാരന്‍ സമി (17 പന്തില്‍ നിന്ന് 38 റണ്‍സ്) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
ഏഷ്യന്‍ ലയണ്‍സിനായി നുവാന്‍ കുലശേഖര മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിനായി ബാറ്റെടുത്ത ക്യാപ്റ്റന്‍ മിസ്ബാഹ് ഉള് ഹഖ് ഒഴികെയുള്ള എല്ലാവരും തകര്‍ത്തടിച്ചെങ്കിലും ജയം മാത്രം അകലെയായി.
21 പന്തില്‍ നിന്ന് ഒരു ഫോറും നാലു സിക്സും സഹിതം 39 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് യൂസഫാണ് ഏഷ്യന്‍ ലയണ്‍സിന്റെ ടോപ് സ്കോറര്‍.
സനത് ജയസൂര്യ (23 പന്തില്‍ 38 റണ്‍സ്), തിലകരത്നെ ദില്ഷന് (16 പന്തില്‍ 25), ഉപുല്‍ തരംഗ (16 പന്തില്‍ 25), അസ്ഗര്‍ അഫ്ഗാന് (10 പന്തില്‍ 24), മുഹമ്മദ് റഫീഖ് (18 പന്തില്‍ 22), നുവാന്‍ കുലശേഖര (ആറു പന്തില്‍ 17), ചാമിന്ദ വാസ് (അഞ്ച് പന്തില്‍ 15) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്കി.
വേള്‍ഡ് ജയന്റ്സിനായി ആല്‍ബി മോര്‍ക്കല്‍ മൂന്നും മോണ്ടി പനേസര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: World Giants beat Asia Lions in Legends League 2022 final to lift first title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..