ലണ്ടന്‍: പത്തു ദിവസം മുമ്പ് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ അതേ മണ്ണില്‍ ബുധനാഴ്ച ഇംഗ്ലണ്ടിന് നാണക്കേടിന്റെ ചരിത്രം. അയര്‍ലന്‍ഡിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇംഗ്ലണ്ട് 23.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. സ്വന്തം രാജ്യത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും ഹ്രസ്വമായ ടെസ്റ്റ് ഇന്നിങ്സാണിത്.

സ്വന്തം നാട്ടില്‍ ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടാകുന്നതും ഇതാദ്യം.ലോകകപ്പ് കളിച്ച ജേസണ്‍ റോയി, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ തുടങ്ങിയ വമ്പന്‍മാര്‍ ഉള്‍പ്പെട്ട ടീമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കക്കാരായ അയര്‍ലന്‍ഡിനോട് നാണംകെട്ടത്. നാലാം നമ്പര്‍ മുതല്‍ ഏഴുവരെയുള്ള ഇംഗ്ലണ്ടിന്റെ നാല് ബാറ്റ്സ്മാന്‍മാര്‍ എടുത്തത് രണ്ടു റണ്‍സ് മാത്രം.

ഒമ്പത് ഓവറില്‍ 13 റണ്‍സിന് അഞ്ച് വിക്കറ്റ് എടുത്ത പേസ് ബൗളര്‍ ടിം മുര്‍ത്തഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മാര്‍ക് അഡയര്‍ 32 റണ്‍സിന് മൂന്നുവിക്കറ്റും ബോയ്ഡ് റാങ്കിന്‍ അഞ്ചു റണ്‍സിന് രണ്ടു വിക്കറ്റും എടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 122 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി 207 റണ്‍സിന് ഓള്‍ഔട്ടായി.

55 റണ്‍സെടുത്ത ആന്‍ഡ്രു ബാല്‍ബിര്‍ണിയാണ് അവരുടെ ടോപ് സ്‌കോറര്‍. പോള്‍ സ്റ്റിര്‍ലിങ് (36), കെവിന്‍ ഒബ്രിയന്‍ (28*) എന്നിവരും അയര്‍ലന്‍ഡിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റ്യുവര്‍ട്ട് ബ്രോഡ്, സാം കറന്‍, ഒല്ലി സ്‌റ്റോണ്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഒരോവര്‍ പിന്നിട്ടതോടെ ആദ്യ ദിനത്തിലെ മത്സരം അവസാനിപ്പിച്ചു.

എന്തൊരു തകര്‍ച്ച

ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ലോകകപ്പ് വിജയിച്ചതിന്റെ ലഹരിയിലിറങ്ങിയ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് തീര്‍ത്തും പിഴച്ചു.

സ്‌കോര്‍ എട്ടില്‍നില്‍ക്കേ ജേസണ്‍ റോയിയുടെ (5) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ച് ബാറ്റ്സ്മാനാണ് റോയ്.

രണ്ടാം വിക്കറ്റില്‍, ഓപ്പണര്‍ റോറി ബേണ്‍സും (25 പന്തില്‍ 6) ജോ ഡെന്‍ലിയും (28) ചേര്‍ന്ന് 28 റണ്‍സടിച്ചതോടെ പ്രതിസന്ധി തീര്‍ന്നു എന്ന് കരുതി. സ്‌കോര്‍ 36-ല്‍ നില്‍ക്കേ ഡെന്‍ലിയും അതേ സ്‌കോറില്‍ ബേണ്‍സും മടങ്ങി. പിന്നാലെ ജോ റൂട്ട് (2), ബെയര്‍‌സ്റ്റോ (0), ക്രിസ് വോക്‌സ് (0) എന്നിവര്‍ മടങ്ങിയതോടെ ആറിന് 42 എന്ന നിലയിലായി. മൂന്നു ബാറ്റ്സ്മാന്‍മാരും മടങ്ങിയത് സ്‌കോര്‍ 42-ല്‍ നില്‍ക്കേ. മോയിന്‍ അലി (0), സ്റ്റുവര്‍ട്ട് ബ്രോഡ് (3), സാം കറന്‍ (18), ഓലി സ്റ്റോണ്‍ (19) എന്നിവര്‍ക്കും രക്ഷിക്കാനായില്ല.

Content Highlights: World Cup champions England pulled back down to earth by Ireland