ലോര്‍ഡ്‌സ്: നാലുവര്‍ഷത്തിലൊരിക്കല്‍മാത്രം വിരുന്നെത്തുന്ന ക്രിക്കറ്റിന്റെ പെരുങ്കളിയാട്ടത്തിലേക്ക് ഇനി നൂറുനാള്‍ മാത്രം. പന്ത്രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് മേയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കും. 

കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടെ ലോകകപ്പിന്റെ പിച്ച് ഉണരും.

പിന്നെ 45 ദിവസം ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളില്‍ ക്രിക്കറ്റിന്റെ ആരവം മുഴങ്ങും. ജൂലായ് 14-ന് ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ ലോകജേതാവിനെ അറിയാം. ജൂണ്‍ അഞ്ചിന് സതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

എന്നാല്‍ രാജ്യം കാത്തിരിക്കുന്ന മത്സരം ജൂണ്‍ 16-നാണ്. ഓള്‍ഡ് ട്രാഫഡില്‍ ചിരവൈരികളായ പാകിസ്താനെതിരേ. ലോകകപ്പില്‍ പരസ്പരം കളിച്ച ആറു തവണയും ഇന്ത്യയ്ക്കായിരുന്നു വിജയം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് പോരാട്ടത്തിന് വീറും വാശിയും കൂടും. 

world cup 2019 everything you need to know

ഇന്ത്യയുടെ മുന്‍നായകന്‍ എം.എസ് ധോനിയടക്കമുള്ള ഒരു പിടിതാരങ്ങളുടെ വിടവാങ്ങലിനുകൂടി ടൂര്‍ണമെന്റ് ഒരുപക്ഷേ സാക്ഷിയായേക്കാം. വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ലോകകപ്പോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 

ഡബിള്‍ ഫോഴ്‌സില്‍ ഇന്ത്യ

എട്ടു വര്‍ഷംമുമ്പ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയുടെ നുവാന്‍ കുലശേഖരയ്ക്കെതിരേ ഇന്ത്യന്‍ നായകന്‍ ധോനി പറത്തിയ സിക്സറിന്റെ ഓര്‍മ ഇന്നും അവശേഷിക്കുന്നു. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയ ചരിത്രമുഹൂര്‍ത്തം. ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാം കിരീടമായിരുന്നു അത്. 

world cup 2019 everything you need to know

1983-ലോകകപ്പ് ഫൈനലില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ വിന്‍ഡീസിന്റെ കുലമഹിമയെ തച്ചുടച്ച് ആദ്യം കിരീടം നേടിയത് മറ്റൊരു സുന്ദര സ്മരണ. 2015-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന പതിനൊന്നാം ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. 

നാലുവര്‍ഷത്തിനു ശേഷം മറ്റൊരു ലോകകപ്പിന് അരങ്ങുണരുമ്പോള്‍ കണക്കിലും കരുത്തിലും മുന്‍നിരയിലാണ് ഇന്ത്യ. ഏത് കടല്‍ക്ഷോഭത്തിലും അചഞ്ചലനായി നിലകൊള്ളുന്ന ധോനിയായിരുന്നു നാലുവര്‍ഷംമുമ്പ് ഇന്ത്യയുടെ കപ്പിത്താനെങ്കില്‍ ഏത് വന്‍തിരയും മുറിച്ചുകടക്കാന്‍ ധൈര്യമുള്ള വിരാട് കോലിയാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്.

റാങ്കിങ്ങില്‍ ഇന്ത്യയ്ക്കുമുന്നിലുള്ളത് ആതിഥേയരായ ഇംഗ്ലണ്ട് മാത്രം. ഏകദിന കളിക്കാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ അത്രയും നേട്ടങ്ങളുള്ള മറ്റൊരു ടീം ഇല്ല ഇപ്പോള്‍. രണ്ട് ലോകകപ്പ് ടീമുകളെ ഇറക്കാനുള്ള വിഭവശേഷി ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ട്. ഇതില്‍നിന്ന് ആരെ തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പം മാത്രം.
 
പരമ്പരാഗതമായി ഇന്ത്യയുടെ ശക്തിയായ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും കരുത്തരാണിന്ന്. ഏകദിന റാങ്കിങ്ങില്‍ ഒന്നാമതുള്ള ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ക്കൊപ്പം ഒരുവലിയ പുതുനിര അവസരം കാത്തിരിക്കുന്നു. മധ്യനിര ബാറ്റിങ്ങില്‍ മാത്രമാണ് അല്‍പ്പം ദൗര്‍ബല്യമുള്ളത്. 

ഓസീസിനെതിരേ ഫൈനല്‍ ടെസ്റ്റ്

മാര്‍ച്ച് ആദ്യം ഇന്ത്യയില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയാണ് ലോകകപ്പിനുമുമ്പ് ഇന്ത്യയുടെ അവസാന പരീക്ഷണം. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പരമ്പരകളില്‍ മധ്യനിര കൂടുതല്‍ ഉത്തരവാദിത്തം കാട്ടിയെങ്കിലും നാലുമുതല്‍ ഏഴുവരെ സ്ഥിരമായ ഒരു ബാറ്റിങ് ലൈനപ്പ് കണ്ടെത്താനായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇതിനെല്ലാം ഉത്തരമുണ്ടാകുമെന്ന് കരുതാം. തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) തുടങ്ങും. ലോകകപ്പ് കളിക്കുന്നവര്‍ക്ക് ഐ.പി.എല്ലില്‍ ഇടവേള നല്‍കിയേക്കും.

world cup 2019 everything you need to know

എന്റെ ഓസീസ് ഇങ്ങനെയല്ല

അഞ്ചുതവണ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയയോളം മികച്ച റെക്കോഡുള്ള മറ്റൊരു ടീമില്ല. എന്നാല്‍ ഇംഗ്ലണ്ടിലെത്തുന്ന ഓസ്‌ട്രേലിയക്ക് പഴയ പ്രതാപമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് നായകന്‍ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്കിലായത് ടീമിന്റെ ആത്മവിശ്വാസവും കരുത്തും ചോര്‍ത്തി. സ്വന്തം നാട്ടില്‍ ഇന്ത്യയ്‌ക്കെതിരേ പരമ്പര തോറ്റു.  എങ്കിലും തിരിച്ചുവരാനും തിരിച്ചടിക്കാനും ഓസ്‌ട്രേലിയക്ക് നന്നായി അറിയാം എന്ന് ഓര്‍ക്കേണ്ടതുണ്ട്.

പത്ത് ടീമുകള്‍

കഴിഞ്ഞ രണ്ട് ലോകകപ്പിലും 14 ടീമുകള്‍ കളിച്ചിരുന്നു. ഇക്കുറി പത്തു ടീമുകളേ അന്തിമ റൗണ്ടിലുളളൂ. ടെസ്റ്റ് പദവിയുള്ള സിംബാബ്‌വേ, അയര്‍ലന്‍ഡ് ടീമുകള്‍ക്ക് യോഗ്യത നേടാനായില്ല.
 
2017 സെപ്റ്റംബറില്‍ ഏകദിന റാങ്കിങ്ങില്‍ ആദ്യ ഏഴു സ്ഥാനങ്ങളിലുള്ളവരും (ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക) ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടും നേരിട്ട് യോഗ്യത നേടിയപ്പോള്‍ വിന്‍ഡീസും അഫ്ഗാനിസ്താനും യോഗ്യതാ മത്സരം കളിച്ച് വന്നു.

ഓരോ ടീമിനും ഒമ്പതു കളി

10 ടീമുകള്‍ ഓരോ തവണ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ രീതിയിലാണ് മത്സരക്രമം. പിന്നീട് സെമി നടക്കും. റൗണ്ട് റോബിനില്‍ മുന്നിലെത്തുന്ന 4 ടീമുകളാണ് സെമിയില്‍ കടക്കുക. മൊത്തം 48 മല്‍സരങ്ങള്‍. 2011, 2015 ലോകകപ്പുകളില്‍ 14 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായി മത്സരിച്ച ശേഷമായിരുന്നു നോക്കൗട്ട് ഘട്ടം.
 
ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. 20 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 1975, 1979, 1983, 1999 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നത്.

Content Highlights: world cup 2019 everything you need to know