ഗയാന: ടി ട്വന്റി ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലില്‍. അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ അവസാന നാലിലിടം പിടിക്കുകയായിരുന്നു. 2010-ന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നുന്നത്. 

അര്‍ധ സെഞ്ചുറി നേടിയ മിതാലി രാജിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 56 പന്തില്‍ 51 റണ്‍സായിരുന്നു മിതാലിയുടെ സംഭാവന. 

ഇന്ത്യ മുന്നോട്ടുവെച്ച 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 93 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 33 റണ്‍സെടുത്ത ഇസബെല്‍ ജോയ്‌സ് മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ തിളങ്ങിയത്. രാധാ യാദവ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ അവസാന മൂന്നു പന്തില്‍ മൂന്നു വിക്കറ്റുകള്‍ അയര്‍ലന്‍ഡ് നഷ്ടപ്പെടുത്തി. രാധാ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റ് നേടി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണെടുത്തത്. ഓപ്പണര്‍ മിതാലി രാജ് (51), സ്മൃതി മന്ഥാന (33), ജമീമ റോഡ്രിഗസ് (18) എന്നിവരാണ് ഇന്ത്യയെ തുണച്ചത്. 

ഇന്ത്യയുടെ ഒപ്പണര്‍മാരായ മിതാലി രാജും സ്മൃതി മന്ഥാനയും തുടക്കത്തിലേ അതിവേഗം സ്‌കോര്‍ചെയ്തു. ഏഴ് ഓവറില്‍ ഇന്ത്യ 50 റണ്‍സ് കടന്നു. പത്താം ഓവറിലെ അവസാനപന്തില്‍ സ്മൃതി പുറത്താകുമ്പോള്‍ ഇന്ത്യ 67 റണ്‍സിലെത്തിയിരുന്നു. 29 പന്തില്‍ 33 റണ്‍സടിച്ച സ്മൃതി നാലു ബൗണ്ടറിയും ഒരു സിക്‌സും കണ്ടെത്തി. 

പിന്നാലെയെത്തിയ ജമീമ റോഡ്രിഗസ് 11 പന്തില്‍ 18 റണ്‍സെടുത്ത് മിതാലിക്ക് നല്ല പിന്തുണനല്‍കി. ഇതില്‍ മൂന്നു ബൗണ്ടറിയുമുണ്ടായിരുന്നു. എന്നാല്‍, റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ക്രീസില്‍നിന്ന് ഇറങ്ങിയപ്പോള്‍ സ്റ്റമ്പിങ്ങില്‍ കുടുങ്ങി.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (7), വേദ കൃഷ്ണമൂര്‍ത്തി (9), ഹേമലത (4), ദീപ്തി ശര്‍മ (11) എന്നിവരും മടങ്ങിയതോടെ ഇന്ത്യ അഞ്ചുവിക്കറ്റിന് 133 എന്നനിലയിലായി. അപ്പോഴും റണ്‍റേറ്റ് താഴാതെ കാത്തു. 56 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും അടിച്ച മിതാലി അന്താരാഷ്ട്ര ട്വന്റി 20-യില്‍ പതിനേഴാം അര്‍ധസെഞ്ചുറി കുറിച്ച് മടങ്ങി.

Content Highlights: WomenT20 World Cup India Ireland