Photo: twitter.com/BCCIWomen
കേപ്ടൗണ്‍: ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലേക്ക് വീണ്ടും ലോകം. ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്. ഞായറാഴ്ച വൈകീട്ട് 6.30-നാണ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം.
രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് എ ഗ്രൂപ്പില്‍. ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. അഞ്ചുതവണ ലോകകിരീടം കിരീടം മുത്തമിട്ട ഓസ്ട്രേലിയ തന്നെയാണ് ഇത്തവണയും ഫേവറിറ്റുകള്‍.
ഇന്ത്യക്ക് ലക്ഷ്യം കിരീടം
ലോകകപ്പില്‍ കിരീടം നേടുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യയിറങ്ങുക. കഴിഞ്ഞതവണ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ എത്തിയെങ്കിലും ആതിഥേയരോട് തോറ്റ് റണ്ണറപ്പായാണ് ഇന്ത്യ മടങ്ങിയത്. ഹര്‍മന്‍പ്രീത് കൗറിന്റെ കീഴില്‍ മികച്ച യുവനിരയുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ക്യാപ്റ്റനോടൊപ്പം ഷഫാലി വര്‍മ, സ്മൃതി മന്ഥാന, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ചാ ഘോഷ് തുടങ്ങിയവരുടെ സാന്നിധ്യം ബാറ്റിങ്ങില്‍ കരുത്തേകും.
ഓള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മ, ദേവികാ വൈദ്യ, പൂജാ വസ്ത്രകാര്‍ എന്നിവരും ഫോമിലാണ്. രേണുകാ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബൗളിങ് സംഘവും ഇന്ത്യയുടെ കിരീട പ്രതീക്ഷയ്ക്ക് കുതിപ്പേകുമെന്നുറപ്പ്. സമീപകാലത്തെ മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതകള്‍ നടത്തിയ മുന്നേറ്റം ഇത്തവണ കിരീടത്തിലെത്തിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. ഇതിനിടെ, ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോടും കഴിഞ്ഞദിവസം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റു. 15-ന് വെസ്റ്റിന്‍ഡീസ്, 18-ന് ഇംഗ്ലണ്ട്, 20-ന് അയര്‍ലന്‍ഡ് എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.
Content Highlights: womens t20 world cup 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..