ലണ്ടന്‍: വനിതാ ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് ഐ.സി.സി. 2022-ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.

ഇംഗ്ലണ്ടില്‍ വെച്ചാണ് 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക. ആതിഥേയര്‍ എന്ന നിലയില്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ഇതിനോടകം ടൂര്‍ണമെന്റില്‍ യോഗ്യത നേടിക്കഴിഞ്ഞു. ആകെ എട്ടു ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. ബര്‍മിങ്ങാമായിരിക്കും വേദി. 2022 ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക.

ട്വന്റി 20 മത്സരങ്ങളായിരിക്കും കോമണ്‍വെല്‍ത്ത് ​ഗെയിംസിൽ നടക്കുക. 2021 ഏപ്രിലില്‍  ഐ.സി.സി പുറത്തിറക്കുന്ന വനിതകളുടെ ട്വന്റി 20  റാങ്ക് പട്ടിക പ്രകാരം ആദ്യ ആറുസ്ഥാനത്തുള്ളവര്‍ നേരിട്ട് ടൂര്‍ണമെന്റിന് യോഗ്യത നേടും. മറ്റു രണ്ടു സ്ഥാനത്തേക്ക് യോഗ്യതാ മത്സരം കളിക്കണം. 

കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ഇത് രണ്ടാം തവണയാണ് ക്രിക്കറ്റ് ഇടം നേടുന്നത്. 1998-ലാണ് ആദ്യമായി ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്. പുരുഷ ടീമുകളാണ് അന്ന് മത്സരിച്ചത്. 16 ടീമുകള്‍ പങ്കെടുത്തു. 50 ഓവര്‍ മത്സരങ്ങളാണ് നടന്നത്. അതില്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ കീഴടക്കി സൗത്ത് ആഫ്രിക്ക കിരീടം ചൂടി. 

Content Highlights: Women's cricket set for debut for Birmingham Commonwealth Games