ഇന്ത്യൻ ടീമിന്റെ നിരാശ | Photo: AFP
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ടീം വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയോട് മൂന്നു വിക്കറ്റിന് പരാജയപ്പെട്ടു. ഇതോടെ ഏഴു മത്സരങ്ങളില്‍ മൂന്നു വിജയം മാത്രം അക്കൗണ്ടിലുള്ള ഇന്ത്യക്ക് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ പൊരുതിവീഴുകയായിരുന്നു. അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ ദീപ്തി ശര്‍മ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മിഗ്നോണ്‍ ഡ്യു പ്രീസിനെ പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന പന്തില്‍ വിജയിക്കാന്‍ മൂന്നു റണ്‍സ് വേണ്ടിവന്നു. എന്നാല്‍ ഇന്ത്യയുടെ ആഘോഷത്തിന് അധികം ആയുസണ്ടായില്ല. ദീപ്തിയുടെ ആ പന്ത് അമ്പയര്‍ നോ ബോള്‍ വിളിച്ചു. പ്രീസിന് ജീവന് തിരിച്ചുകെട്ടി. ഇതോടെ ലക്ഷ്യം രണ്ടു പന്തില്‍ രണ്ടു റണ്‍സായി. രണ്ടു പന്തിലും സിംഗിളെടുത്തു ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. ഇന്ത്യ സെമി കാണാതെ പുറത്തുപോയി.
275 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍ ലിസെല്ല ലീയെ നഷ്ടപ്പെട്ടു. ആറു റണ്‍സെടുത്ത ലിസെല്ലെയെ ഹര്‍മന്‍പ്രീത് കൗര്‍ റണ്‍ഔട്ടാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ലോറ വോള്വാറ്റും ലാറ ഗുഡാളും ഒത്തുചേര്‍ന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 125 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 69 പന്തില്‍ 49 റണ്‍സെടുത്ത ലാറയെ പുറത്താക്കി രാജേശ്വരി ഗെയ്ക്ക്വാദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ലോറ 79 പന്തില്‍ 80 റണ്‍സ് അടിച്ചെടുത്തു പുറത്തായി.
പിന്നീട് ക്രീസിലെത്തിയവര്‍ തിളങ്ങിയില്ല. സുനെ ലൂസ് 22 റണ്‍സും മിരിസാനെ കാപ് 32 റണ്‍സെടുത്തും പുറത്തായി. ചോലെ ട്രയോണിന്റെ സമ്പാദ്യം 17 റണ്‍സായിരുന്നു. ത്രിഷ് ചെട്ടി ഏഴു റണ്‍സോടെ റണ്‍ഔട്ടായി. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന് പ്രീസ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. 63 പന്തില്‍ 52 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടു റണ്‍സോടെ ശാബ്നിം ഇസ്മായില്‍ പ്രീസിനൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാജേശ്വരിയും ഹര്‍മന്‍പ്രീതും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. ഇന്ത്യക്കായി മൂന്നു താരങ്ങള്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി. സ്മൃതി മന്ദാന 71 റണ്‍സെടുത്തപ്പോള്‍ ഷെഫാലി വര്‍മ 53 റണ്‍സടിച്ചു. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ മിതാലി രാജ് 68 റണ്‍സ് നേടി. ഹര്‍മന്‍പ്രീത് കൗര്‍ 48 റണ്‍സ് കണ്ടെത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ശാബ്നിം ഇസ്മായിലും മസബത ക്ലാസും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
അതേസമയം ബംഗ്ലാദേശിനെതിരേ 100 റണ്‍സ് വിജയവുമായി ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടി. ഇന്ത്യ പരാജയപ്പെട്ടതോടെ വെസ്റ്റിന്‍ഡീസും അവസാന നാലിലെത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേരത്തെ യോഗ്യത നേടിയിരുന്നു. ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മില്‍ ബുധനാഴ്ച ആദ്യ സെമി ഫൈനല്‍ നടക്കും. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
Content Highlights: Women's World Cup 2022 India Lose Thriller To South Africa Fail To Qualify For Semi Finals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..