ന്യൂഡല്‍ഹി: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഞായറാഴ്ച കരുത്തരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ പോകുന്നത്.

മാര്‍ച്ച് എട്ട് ലോക വനിതാ ദിനത്തില്‍ നടക്കാന്‍ പോകുന്ന ഫൈനലില്‍ ഓസീസ് ജേതാക്കളായാല്‍ അവരുടെ വനിതാ താരങ്ങളെ കാത്തിരിക്കുന്നത് പുരുഷ ടീമിന് ലഭിക്കുന്ന അതേ പ്രതിഫലമാണ്. എന്നാല്‍ ഇന്ത്യ കിരീടം നേടിയാലോ? 

ട്വന്റി 20 വനിതാ ലോകകപ്പ് ഫൈനല്‍ നടക്കാനിരിക്കെ ചര്‍ച്ചയാകുന്നത് ബി.സി.സി.ഐയുടെ ഈ വിവേചനമാണ്. വനിതാ താരങ്ങള്‍ക്കുള്ള ബി.സി.സി.ഐ കരാറിലെ എ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, പൂനം യാദവ് തുടകങ്ങിയവര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക പ്രതിഫലം 50 ലക്ഷം രൂപയാണ്. 

എന്നാല്‍ പുരുഷ ടീമിലെ ഏറ്റവും ഉയര്‍ന്ന കരാര്‍ തുക ഏഴ് കോടി രൂപയും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ബി.സി.സി.ഐ വാര്‍ഷിക കരാര്‍ വഴി ലഭിക്കുന്നത് ഈ തുകയാണ്. പരസ്യങ്ങള്‍ വഴിയും ഐ.പി.എല്‍ വഴിയും ലഭിക്കുന്ന തുക വേറെയും.

2017-ല്‍ ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും അവരുടെ പ്രതിഫലത്തിന് ഇതുവരെ മാറ്റമൊന്നും വന്നില്ല.

എന്നാല്‍ പുരുഷ ടീമിന് തുല്യമായ വേതനം വനിതാ ടീമിനും വേണമെന്ന് വാശിപിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യന്‍ താരം തന്നെയായ സ്മൃതി മന്ദാനയുടെ അഭിപ്രായം. പുരുഷ ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്ന അത്ര വരുമാനം വനിതാ ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്നില്ല എന്നതാണ് മന്ദാന ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Women's T20 World Cup final in Australia highlights India's gender pay gap