ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി ആവേശം കൊള്ളാം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ടിട്വന്റി ക്രിക്കറ്റും ഉള്‍പ്പെടുത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
2022 ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ വനിതാ ടിട്വന്റിയും ഉണ്ടാവും. എട്ട് ദിവസങ്ങളിലായി എട്ട് ടീമുകളാണ് ഗെയിംസില്‍ മാറ്റുരയ്ക്കുക. ഇയ്യിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ സെമിഫൈനല്‍ നടന്ന എഡ്ജ്ബാസ്റ്റനാവും മത്സരവേദി. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴു വരെയാണ് ഗെയിംസ്.
1998നുശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇടം പിടിക്കുന്നത്. അത്തവണ ക്വാലാലംപുരില്‍ നടന്ന പുരുഷന്മാരുടെ 50 ഓവര്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു സ്വര്‍ണം. ഓസ്‌ട്രേലിയ വെള്ളിയും ന്യൂസീലന്‍ഡ് വെങ്കലവും നേടി. അജയ് ജഡേജ നയിച്ച ഇന്ത്യ ഗ്രൂപ്പ് ബയില്‍ ആന്റിഗ്വയ്ക്കും പിറകില്‍ മൂന്നാമതായിരുന്നു. സച്ചിന്‍, റിക്കി പോണ്ടിങ്, ജാക് കാലിസ് തുടങ്ങിയവരെല്ലാം ആ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
വനിതാ ക്രിക്കറ്റിനും ആഗോള ക്രിക്കറ്റ് സമൂഹത്തിനും ഇതൊരു ചരിത്രനിമിഷമാണെന്ന് ഐ.സി.സി. ചീഫ് എക്‌സിക്യുട്ടീവ് മനു സാഹ്‌നി പറഞ്ഞു.
മത്സരത്തിന്റെ നടത്തിപ്പ് തങ്ങളുടെ ചുമതലയായിരിക്കുമെന്ന് ഐ.സി.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമ്പയര്‍മാരെ ലഭ്യമാകുന്നതും തങ്ങളായിരിക്കുമെന്നും ഐ.സി.സി. വ്യക്തമാക്കി.
Content Highlights: Women's T20 Cricket To Be Included In 2022 Commonwealth Games