Image Courtesy: Getty Images
മാഞ്ചെസ്റ്റര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസം പാകിസ്താന് പിന്നിലായിപ്പോയ ഇംഗ്ലണ്ട് നാലാം ദിനം ഉജ്വലമായ തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ 277 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനാണ് ജയിച്ചുകയറിയത്. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ആതിഥേയരുടെ ജയം.
ഒരു ഘട്ടത്തില്‍ അഞ്ചിന് 117 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോസ് ബട്ട്ലര്‍ - ക്രിസ് വോക്സ് സഖ്യമാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന 139 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.
ജോസ് ബട്ട്ലര്‍ 101 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്സുമടക്കം 75 റണ്‍സെടുത്തപ്പോള്‍ ക്രിസ് വോക്സ് 120 പന്തില്‍ 10 ബൗണ്ടറികളോടെ 84 റണ്‍സുമായി പുറത്താകാതെ നിന്നു. വോക്സാണ് കളിയിലെ താരവും.

റോറി ബേണ്‍സ് (10), ഡൊമിനിക്ക് സിബ്ലി (36), ക്യാപ്റ്റന്‍ ജോ റൂട്ട് (42), ബെന്‍ സ്റ്റോക്സ് (9), ഒലി പോപ്പ് (7), സ്റ്റുവര്‍ട്ട് ബ്രോഡ് (7) എന്നിവരാണ് പുറത്തായ ഇംഗ്ലണ്ട് താരങ്ങള്‍. നാലു വിക്കറ്റുമായി യാസിര്‍ ഷാ തിളങ്ങിയെങ്കിലും പാകിസ്താന് ജയം സ്വന്തമാക്കാന്‍ അത് പോരായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0).
നേരത്തെ എട്ടിന് 137 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച പാകിസ്താന് ഇന്നിങ്സ് 169-ല്‍ അവസാനിച്ചു. ആക്രമിച്ചു കളിച്ച യാസിര്‍ ഷായാണ് പാക് സ്കോര്‍ 150 കടത്തിയത്. 24 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 33 റണ്‍സെടുത്ത ഷായാണ് പാകിസ്താന്റെ ടോപ് സ്കോറര്‍. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 13-ന് സതാംപ്ടണിലാണ്.
Content Highlights: Woakes and Buttler shines England win first test against Pakistan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..