ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനു ശേഷം വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ അനായാസമായി ജയിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഓസ്ട്രേലിയയില്‍ മൂന്ന് ടെസ്റ്റുകള്‍ക്ക് കോലി ഇല്ല. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോലി എടുത്ത തീരുമാനം ശരിയാണ്. എന്നാല്‍ അതിനര്‍ഥം പരമ്പര ഓസ്‌ട്രേലിയ അനായാസം ജയിക്കാന്‍ പോകുന്നു എന്നതാണ്.' - വോണ്‍ ട്വീറ്റ് ചെയ്തു.

അച്ഛനാകാന്‍ ഒരുങ്ങുന്ന വിരാട് കോലിക്ക് ബി.സി.സി.ഐ അവധി അനുവദിച്ചിരുന്നു. ഇതോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ മത്സരത്തിനു ശേഷം കോലി നാട്ടിലേക്ക് മടങ്ങും. 

കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പ്രസവ സമയത്ത് അനുഷ്‌കയ്ക്ക് പിന്തുണ നല്‍കാന്‍ വേണ്ടിയാണ് കോലി മാറിനില്‍ക്കുന്നത്.

ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം നേരത്തെ ഒക്ടോബര്‍ 26-ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കോലി അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച ചീഫ് സെലക്ടര്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി കോലിക്ക് അവധി (Paternity Leave) അനുവദിക്കുകയായിരുന്നു.

കോലി കളിക്കാതിരിക്കുന്ന സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ക്യാപ്റ്റനാക്കാനാണ് നീക്കം. പക്ഷേ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്തുന്ന രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നത്.

ഡിസംബര്‍ 17-നാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി ഏഴു മുതല്‍ സിഡ്‌നിയിലും നാലാം ടെസ്റ്റ് ജനുവരി 15 മുതല്‍ ബ്രിസ്‌ബെയ്‌നിലുമാണ്.

Content Highlights: without Virat Kohli Australia will win Test series quite easily says Michael Vaughan