സെഞ്ചൂറിയന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ സൂുപ്പര്‍സ്‌പോര്‍ട് പാര്‍ക്കില്‍ ആരാധകരെ അമ്പരപ്പിച്ച രണ്ടു കാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന് 32.2 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര പുറത്തായതായിരുന്നു. അത് ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിന്റെ മികവാണെന്ന് വിചാരിക്കാം. 

എന്നാല്‍ ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം ബാക്കിനില്‍ക്കെ അമ്പയര്‍ കളി നിര്‍ത്തി ഉച്ചഭക്ഷണത്തിന് സിഗ്നല്‍ കാണിച്ചതാണ് കാണികളെ കൂടുതല്‍ അമ്പരപ്പിച്ചത്. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഉച്ചഭക്ഷണത്തിനുള്ള സമയമായത്. പിന്നീട് വിജയിക്കാനുള്ള രണ്ടു റണ്‍സെടുക്കാന്‍ 40 മിനിറ്റോളം ആരാധകര്‍ക്ക് ടെലിവിഷന് മുന്നിലും കാണികള്‍ക്ക് ഗാലറിയിലും ഇരിക്കേണ്ടി വന്നു.

അമ്പയറുടെ ഈ തീരുമാനത്തില്‍ കോലി അതൃപ്തി രേഖപ്പെടുത്തിയാണ് ഉച്ചഭക്ഷണത്തിനായി പോയത്. രണ്ടു റണ്‍സ് കൂടി എടുത്തിട്ട് പോയാല്‍ മതിയോ എന്ന് കോലി അമ്പയറോട് അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ നിയമം പിന്തുടരാനായിരുന്നു അമ്പയറുടെ നിര്‍ദേശം.

ഇതിനെതിരെ ട്വിറ്ററിലും ആരാധകരുടെ പ്രതിഷേധമാണ്. ക്രിക്കറ്റ് തന്നെയാണ് ക്രിക്കറ്റിന്റെ ശത്രു എന്നായിരുന്നു മുന്‍ താരം ആകാശ് ചോപ്രയുടെ കമന്റ്. കളി കണ്ടുകൊണ്ടിരിക്കെ അതിന്റെ ആവേശം കളയുന്നതായിരുന്നു അമ്പയറുടെ തീരുമാനമെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. 

വീഡിയോ കാണാം

Content Highlights: With India needing 2 runs for victory, the umpires called for lunch and Twitter simply lost it