വെല്ലിങ്ടണ്‍: ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ നായകന്‍ കെയ്ന്‍ വില്യംസണിന്റെ കരുത്തില്‍ പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്ത് ന്യൂസീലന്‍ഡ്. ആറുവിക്കറ്റ് നഷ്ടത്തില്‍ 659 റണ്‍സെടുത്ത ന്യൂസീലന്‍ഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 297 റണ്‍സിന് പുറത്തായിരുന്നു. ഇതുവഴി 362 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ന്യൂസീലന്‍ഡ് സ്വന്തമാക്കി.
മൂന്നാംദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ ഒരു വിക്കറ്റിന് എട്ടുറണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ഷാന്‍ മസൂദിനെയാണ് ടീമിന് നഷ്ടമായത്. കൈല്‍ ജാമിസണിനാണ് വിക്കറ്റ്.
28 ബൗണ്ടറികളുടെ അകമ്പടിയോടെ 238 റണ്‍സാണ് വില്യംസണ്‍ നേടിയത്. ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നാലെയാണ് താരത്തിന്റെ ഇരട്ട സെഞ്ചുറി പ്രകടനം. ഇതിനിടയില്‍ ന്യൂസീലന്‍ഡിനായി ടെസ്റ്റ് മത്സരങ്ങളില്‍ 7000 റണ്‍സ് എന്ന കടമ്പയും വില്യംസണ്‍ പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം താരമാണ് വില്യംസണ്‍.
ഒരു ഘട്ടത്തില്‍ 71 ന് മൂന്ന് എന്ന അവസ്ഥയില്‍ നിന്നും ഹെൻറി നിക്കോള്‍സിനെ കൂട്ടുപിടിച്ച് വില്യസണ്‍ ന്യൂസീലന്‍ഡിനെ രക്ഷിക്കുകയായിരുന്നു. നാലാം വിക്കറ്റ് വീണത് സ്‌കോര്‍ 440-ല്‍ നില്‍ക്കുമ്പോഴാണ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 369 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നാലാം വിക്കറ്റില്‍ ന്യൂസീലന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടാണിത്. അതുപോലെ ന്യൂസീലന്‍ഡിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൂട്ടുകെട്ടുമാണിത്. ഹെന്റി നിക്കോള്‍സ് 157 റണ്‍സെടുത്തു. പത്താമനായി ബാറ്റിങ്ങിനിറങ്ങിയ ഡാരില്‍ മിച്ചലും സെഞ്ചുറി നേടിയതോടെ ന്യൂസീലന്‍ഡ് 600 റണ്‍സ് പിന്നിട്ടു.
വില്യംസണിന്റെ കരിയറിലെ നാലാം ഇരട്ടശതകമാണിത്. ഈ നേട്ടത്തെ പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മണ്‍, ബ്രണ്ടന്‍ മക്കല്ലം തുടങ്ങി നിരവധി താരങ്ങളെത്തി.
പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീദി, മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്‌റഫ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Williamson’s 238 puts NZ on top in 2nd test against Pakistan