മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരിക്ക് വില്ലനാകുന്നു. പരിക്ക് മൂലം ന്യൂസീലന്‍ഡിന്റെ നായകന്‍ കെയ്ന്‍ വില്യംസണും ഇന്ത്യയുടെ സഹനായകന്‍ അജിങ്ക്യ രഹാനെയും കളിക്കില്ല. ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ എന്നിവരും രണ്ടാം ടെസ്റ്റിനുണ്ടാകില്ല. 

വില്യംസണിന്റെ ഇടത്തേ കൈമുട്ടിന് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റിരുന്നു. ഇത് ഭേദമാകാത്തതിനാലാണ് താരം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വില്യംസണ് പകരം ന്യൂസീലന്‍ഡിനെ ടോം ലാഥം നയിക്കും. 

ഇന്ത്യന്‍ നിരയില്‍ മൂന്ന് മുന്‍നിര താരങ്ങള്‍ കളിക്കാത്തത് നായകന്‍ കോലിയ്ക്ക് തലവേദന സൃഷ്ടിക്കും. രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യര്‍ കളിക്കും. ഇഷാന്തിന് പകരം മുഹമ്മദ് സിറാജും ടീമിലെത്തിയേക്കും. എന്നാല്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ആരെ ടീമിലെടുക്കുമെന്നതാണ് കോലിയ്ക്ക് മുന്നിലുള്ള പ്രധാന ആശങ്ക. 

ഇഷാന്തിന് ഇടത്തേ കൈവിരലിന് പരിക്കേറ്റു. ഇത് ഭേദമായിട്ടില്ല. ജഡേജയ്ക്ക് വലത്തേ കൈയ്ക്കാണ് പരിക്കേറ്റത്. പേശീവലിവ് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് രഹാനെ മാറിനില്‍ക്കുന്നത്. ജഡേജയ്ക്ക് പകരം ബാറ്ററെയാണ് പരിഗണിക്കുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് ടീമിലിടം ലഭിക്കും. ബൗളറെയാണ് നോക്കുന്നതെങ്കില്‍ പ്രസിദ്ധ് കൃഷ്ണയും ജയന്ത് യാദവുമാണ് ടീമിലുള്ളത്. 

Content Highlights: Kane Williamson, Ishant Sharma, Ravindra Jadeja and Ajinkya Rahane out of 2nd test due to injury