ചെന്നൈ: ഐപിഎല്‍ അടുത്ത സീസണില്‍ കളിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന്് എംഎസ് ധോനി. വേഗത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമില്ലെന്നും ഒരുപാട് സമയം മുന്നിലുണ്ടെന്നും ധോനി വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോനി കിരീടത്തിലേക്ക് നയിച്ചിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. 

ചെന്നൈ ടീമിന് ഗുണം ചെയ്യുക എന്താണോ അതിന് അനുസരിച്ചായിരിക്കും വിരമിക്കല്‍ തീരുമാനം എന്നായിരുന്നു ധോനി നേരത്തെ പ്രതികരിച്ചിരുന്നത്. അടുത്ത പത്ത് വര്‍ഷം മുമ്പില്‍ കണ്ട് ടീമിനെ രൂപപ്പെടുത്താനാണ് ശ്രമിക്കുകയെന്നും ധോനി വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ മെന്ററായി ധോനി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സെമി ഫൈനലില്‍ പോലുമെത്താതെ ഇന്ത്യ പുറത്തായി. അടുത്ത ഐപിഎല്‍ സീസണാണ് ഇനി ധോനിക്ക് മുന്നിലുള്ളത്. ചെന്നൈ ടീമിനൊപ്പം ക്യാപ്റ്റനായാണോ അതോ സപ്പോര്‍ട്ടിങ് സ്റ്റാഫ് ആയാണോ ധോനിയുണ്ടാകുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Content HighlightsL Will think about participation in IPL 2022, there's a lot of time says MS Dhoni