ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാനാകാത്ത ടീമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ആദ്യ സീസണ്‍ മുതല്‍ ആര്‍.സി.ബിയുടെ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 2008-ല്‍ സാധാരണ ഒരു താരമായി ടീമിലെത്തിയ കോലി പിന്നീട് ടീമിന്റെ ക്യാപ്റ്റനായി ഉയരുകയും ചെയ്തു.

ഇപ്പോഴിതാ ഐ.പി.എല്ലില്‍ തന്റെ കരിയര്‍ അവസാനിക്കുന്നത് വരെ റോയല്‍ ചലഞ്ചേഴ്സില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോലി. ആര്‍.സി.ബി ടീമംഗവും ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരവുമായ എ.ബി ഡിവില്ലിയേഴ്സുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു കോലി.

ഈ ടീമിനെ വിട്ടുപോവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടീമിന്റെ ആരാധകരും അവര്‍ക്ക് ആര്‍.സി.ബിയോടുള്ള കൂറും അദ്ഭുതപ്പെടുത്തുന്നതാണെന്നും കോലി ചൂണ്ടിക്കാട്ടി. അവിസ്മരണീയമായ യാത്രയായിരുന്നു ആര്‍.സി.ബിക്കൊപ്പമെന്നും ഐ.പി.എല്ലില്‍ കിരീടമുയര്‍ത്തുകയാണ് സ്വപ്‌നമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Content Highlights: will stay in RCB till the time I am playing IPL Virat Kohli