ന്യൂഡല്‍ഹി: അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ടീമില്‍ ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ഇടം നേടി. 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. 

ഹാര്‍ദിക് ടീമിലിടം നേടിയതോടെ ആരാധകര്‍ പ്രധാനമായും ഒരു ആശങ്ക മുന്നോട്ടുവെച്ചു. ഹാര്‍ദിക് ടൂര്‍ണമെന്റില്‍ പന്തെറിയുമോ എന്നതാണ് ആരാധകരുടെ പ്രധാന ആശങ്ക. പുറംവേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ഹാര്‍ദിക് അധികം മത്സരങ്ങളില്‍ പന്തെറിഞ്ഞു കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ലോകകപ്പില്‍ താരം പന്തെറിയുമോ എന്ന സംശയം കായികലോകത്തിനുണ്ട്. 

എന്നാല്‍ അതിനുള്ള മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ രംഗത്തെത്തി. ഹാര്‍ദിക് ഇന്ത്യയ്ക്ക് വേണ്ടി എല്ലാ മത്സരങ്ങളിലും പന്തെറിയുമെന്ന് ചേതന്‍ ശര്‍മ വ്യക്തമാക്കി. ' ഹാര്‍ദിക് ഇപ്പോള്‍ പരിപൂര്‍ണ ആരോഗ്യവാനാണ്. അദ്ദേഹം എല്ലാ മത്സരങ്ങളിലും നാലോവര്‍ വെച്ച് എറിയും. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ഹാര്‍ദിക്. അദ്ദേഹത്തിന് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യയ്ക്ക് വേണ്ടി ഏറെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും'- ശര്‍മ പറഞ്ഞു.

ശിഖര്‍ ധവാനെ പുറത്തിരുത്തിയാണ് ഇന്ത്യ 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഹാര്‍ദിക്കിന് പുറമേ അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. 

Content Highlights: Will Hardik Pandya bowl full quota of his overs for India at T20 WC? Chief selector Chetan Sharma reveals