ബെര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന് വെല്ലുവിളിയുയര്‍ത്തിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങ്. ആദ്യ ഇന്നിങ്‌സില്‍ കോലിയെ പുറത്താക്കാന്‍ ഇംഗ്ലണ്ട് നന്നായി വിയര്‍പ്പൊഴുക്കി. മത്സരഫലത്തെ നിര്‍ണയിക്കുന്നത് തന്നെ കോലിയുടെ ബാറ്റിങ്ങാണ്.
കോലിയെ പുറത്താക്കുന്നത് സ്വപ്‌നം കണ്ടാണ് ഇംഗ്ലീഷ് താരങ്ങള്‍ ഉറങ്ങാന്‍ പോകുന്നതെന്ന് ജെയിംസ് ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ കോലിയുടെ സെഞ്ചുറി ബാറ്റിങ് പോലെ രണ്ടാം ഇന്നിങ്‌സിലും ഫോമിലേക്കുയര്‍ന്നാല്‍ ഇംഗ്ലണ്ടിന് അനുകൂലമായ മത്സരഫലം ലഭിക്കാന്‍ പ്രയാസമാകും. വാലറ്റത്തെ കൂട്ടുപിടിച്ച് മനോഹരമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ്‌ചെയ്യുന്നത്. ഗ്യാപ്പ് കണ്ടെത്തി സ്‌കോര്‍ ചെയ്യാന്‍ കോലിക്കറിയാം. ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് കൂടി വീഴ്ത്താനാണ് ഞങ്ങളുടെ ശ്രമം. അതല്ലെങ്കില്‍ കോലി റണ്‍സ് കണ്ടെത്തുകയും ഇന്ത്യ വിജയിക്കുകയും ചെയ്യും. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ആന്‍ഡേഴ്‌സണ്‍ പറയുന്നു.
അപരാജിതരായി ആരുമില്ല. കോലിയേയും പുറത്താക്കാന്‍ കഴിയും. നാലാം ദിനം ബൗളര്‍മാര്‍ മികവിലേക്കുയര്‍ന്നാല്‍ മത്സരം 25 മുതല്‍ 30 ഓവര്‍ വരേ നീണ്ടുനില്‍ക്കു. അതിനുള്ളില്‍ ഇന്ത്യയെ പുറത്താക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയമായപ്പോള്‍ 149 റണ്‍സുമായി കോലി ഒറ്റയ്ക്ക് ടീമിനെ തോളിലേറ്റുകയായിരുന്നു. ഇംഗ്ലീഷ് മണ്ണില്‍ കോലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയായിരുന്നു അത്.
Content Highlights: Will Go To Bed Dreaming Of Getting Virat Kohli Says James Anderson