ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ മോശം ഫോം ആശങ്കപ്പെടുത്തുന്നതാണെന്നും ഇതിനാല്‍ തന്നെ രോഹിത് ശര്‍മയെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ടീം ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

വെസ്റ്റിന്‍ഡീസ് പര്യടനത്തിനു ശേഷം സെലക്ഷന്‍ കമ്മിറ്റി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും അടുത്ത യോഗത്തില്‍ രോഹിത്തിനെ ടെസ്റ്റ് ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം ആലോചിക്കുമെന്നും എം.എസ്.കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

കെ.എല്‍ രാഹുല്‍ നല്ല പ്രതിഭയുള്ള താരമാണ്. എന്നാല്‍ അടുത്ത കാലത്തായി ടെസ്റ്റില്‍ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ക്രീസില്‍ കുറച്ചുസമയം കൂടി ചെലവഴിച്ച് അദ്ദേഹം ഫോം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിന്‍ഡീസ് പര്യടനത്തിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 101 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. ഇതോടെ ടെസ്റ്റില്‍ രോഹിത്തിന് അവസരം നല്‍കണമെന്ന് മുറവിളിയുയര്‍ന്നിരുന്നു. 

മധ്യനിരയില്‍ ഹനുമ വിഹാരി ഫോമിലേക്കുയര്‍ന്നതോടെയാണ് രോഹിത്തിന് അവസരം ലഭിക്കാതായത്. 

Content Highlights: will consider Rohit Sharma as Test opener MSK Prasad