മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റ് കാക്കാന്‍ ഋഷഭ് പന്തില്ല. വൃദ്ധിമാന്‍ സാഹയായിരിക്കും പരമ്പരയില്‍ കീപ്പറെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു.

വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ ആര്‍.അശ്വിന്‍ കളിച്ചേക്കുമെന്നും കോലി സൂചിപ്പിച്ചു. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ടീമിലെ മറ്റ് രണ്ട് സ്പിന്നര്‍മാര്‍.

ഒക്‌ടോബര്‍ രണ്ട് മുതലാണ് ആദ്യ ടെസ്റ്റ്. മൊത്തം മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

വലിയ പ്രതീക്ഷയോടെയാണ് ടീമില്‍ വന്നതെങ്കിലും ലോകകപ്പിനുശേഷം ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സാഹയ്ക്ക് നറുക്ക് വീണത്.

2018ലാണ് സാഹ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു അവസാന മത്സരം. ഇതുവരെയായി 32 ടെസ്റ്റ് കളിച്ചിട്ടുണ്ട്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സാഹ  മൈസൂരുവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Content Highlights: Wicketkeeper Batsman Wriddhiman Saha to replace Rishabh Pant in Vizag Test vs South Africa