മെല്‍ബണ്‍:  ഏകദിന ക്രിക്കറ്റില്‍ ലോകത്തെ മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്ക് പോണ്ടിങ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള മഹാന്മാരായ ബാറ്റ്‌സ്മാന്‍മാരുടെ ഗണത്തിലേക്കെത്താന്‍ കോലി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണമെന്നും റിക്കി പോണ്ടിങ് വ്യക്തമാക്കി. സിഡ്‌നി മോണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് പോണ്ടിങ് ഇന്ത്യന്‍ നായകനെ വിലയിരുത്തിയത്. 

''എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ എന്നു കോലിയെ വിലയിരുത്താറായിട്ടില്ല. കണക്കുകളില്‍ ഇപ്പോള്‍ മുന്നിലാണെന്നു മാത്രം. ടെസ്റ്റില്‍ ഏറ്റവും മികച്ചവര്‍ എന്നു വിലയിരുത്തപ്പെടുന്നവരെല്ലാം നൂറിനു മുകളില്‍ ടെസ്റ്റ് കളിച്ചവരാണ്. ടെസ്റ്റില്‍ കോലിയുടെ കാര്യം വിലയിരുത്താന്‍ സമയമായിട്ടില്ല. തെണ്ടുല്‍ക്കര്‍, ലാറ, കാലിസ് തുടങ്ങി ഇതിഹാസങ്ങളുടെ നിരയിലെത്തണമെങ്കില്‍ കോലി നൂറ് ടെസ്‌റ്റെങ്കിലും കളിക്കണം' പോണ്ടിങ് പറഞ്ഞു

''മൂന്നു ഫോര്‍മാറ്റിലും നായകനാകുന്നതിനു മുന്‍പുള്ള ടെസ്റ്റ് പരമ്പരകളെല്ലാം കോലി നേടി. നിയന്ത്രിത ഓവര്‍ മത്സരങ്ങളിലെ നായകപദവി കോലിയുടെ മികവ് വര്‍ധിപ്പിക്കും. ഏകദിനത്തില്‍ 27 സെഞ്ചുറികളുണ്ട്. ടെസ്റ്റില്‍ മികവ് തെളിയിക്കാന്‍ കോലിക്ക് കുറച്ചു സമയം നല്‍കണം''-പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.