ടീം ഇന്ത്യയുടെ പുതിയ കണ്ടെത്തലാണ് ശ്രേയസ് അയ്യരെന്ന മുംബൈക്കാരന്‍. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം ടീമിന് തലവേദനയായിരുന്ന നാലാം നമ്പര്‍ സ്ഥാനത്ത് തിളങ്ങുന്ന താരം. ഇന്ത്യയ്ക്കായി സമീപകാലത്ത് മികച്ച ഫോമില്‍ ബാറ്റുവീശുന്ന അയ്യര്‍, ഓരോ മത്സരം പിന്നിടുംതോറും നാലാം നമ്പര്‍ സ്ഥാനത്തിന് താന്‍ തീര്‍ത്തും അനുയോജ്യനാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. 

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 35 പന്തില്‍ നിന്നും 44 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ച ഇന്നിങ്‌സിനു ശേഷം പിന്നെ അയ്യര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ന്യൂസീലന്‍ഡ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ 204 റണ്‍സ് ഇന്ത്യ ചേസ് ചെയ്തത് 29 പന്തില്‍ നിന്ന് 58 റണ്‍സടിച്ച അയ്യരുടെ ബാറ്റിങ് മികവിലാണ്. പിന്നാടെ അടുത്ത മത്സരത്തില്‍ 44 റണ്‍സും. ട്വന്റി 20-യിലെ ഫോം കിവീസിനെതിരായ ഏകദിനത്തിലും കാഴ്ചവെച്ച അയ്യര്‍ ആദ്യ മത്സരത്തില്‍ തന്നെ ഏകദിനത്തിലെ കന്നി സെഞ്ചുറിയും കുറിച്ചു. 

നാലാം നമ്പറില്‍ ഉറച്ച ഒരാളെ കണ്ടെത്താന്‍ ഇന്ത്യ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. യുവ്‌രാജ് സിങ് ഒഴിച്ചിട്ടുപോയ ആ സ്ഥാനത്തേക്ക് പിന്നീട് എം.എസ് ധോനി, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക് എന്നിവരെയെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ടിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ ശ്രേയസ് അയ്യര്‍ എത്തുന്നത്. 

നാലാം നമ്പറില്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് കണക്കുകള്‍ കൊണ്ടു തന്നെ അയ്യര്‍ തെളിയിക്കുന്നു. 2017-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിച്ച താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിക്ക് ഉടമ ശ്രേയസ് അയ്യരാണ്. 

ഇന്ത്യയ്ക്കായി നാലാം നമ്പറിലിറങ്ങിയ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് അയ്യര്‍ നേടിയത് 284 റണ്‍സാണ് ശരാശരി 56.80. ഒമ്പത് ഇന്നിങ്‌സ് കളിച്ച ദിനേഷ് കാര്‍ത്തിക്കിന് നേടാനായത് 52.80 ശരാശരിയില്‍ 264 റണ്‍സ്. ഈ സ്ഥാനത്ത് നാല് ഇന്നിങ്‌സ് കളിച്ച ധോനിയുടെ അക്കൗണ്ടിലുള്ളത് 135 റണ്‍സാണ്. ശരാശരി 45.00. നാലാം നമ്പറില്‍ 14 ഇന്നിങ്‌സ് കളിച്ച താരമാണ് അമ്പാട്ടി റായുഡു. നേടിയത് 464 റണ്‍സ്. ശരാശരി 42.18. അഞ്ച് ഇന്നിങ്‌സുകള്‍ കളിച്ച രഹാനെയ്ക്ക് 35.00 ശരാശരിയില്‍ നേടാനായത് വെറും 140 റണ്‍സ് മാത്രം.

മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2019-ല്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ താരങ്ങളില്‍ അഞ്ച് ഇന്നിങ്‌സെങ്കിലും കളിച്ചിട്ടുള്ളവരില്‍ മികച്ച അഞ്ചാമത്തെ ബാറ്റിങ് ശരാശരിയും അയ്യര്‍ക്കാണ്. മുഹമ്മദ് റിസ്‌വാന്‍ (പാകിസ്താന്‍) - 58.75, ഷോണ്‍ മാര്‍ഷ് (ഓസ്‌ട്രേലിയ) - 60.50, റോസ് ടെയ്‌ലര്‍ (ന്യൂസീലന്‍ഡ്) - 61.88, വാന്‍ ഡെര്‍ ദസന്‍ (ദക്ഷിണാഫ്രിക്ക) - 66.75 എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ അയ്യര്‍ക്കു മുന്നിലുള്ളത്.

Content Highlights: why Shreyas Iyer is India’s best No.4