റാഞ്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നും അധികം കളിക്കാറില്ല. രാജ്യാന്തര മല്‍സരങ്ങളുടെ ഇടവേളകളില്‍ ധോനി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
2019 ലോകകപ്പ് ഉള്‍പ്പെടെ തിരക്കേറിയ ക്രിക്കറ്റ് സീസണ്‍ വരാനിരിക്കെ ധോനിയെ കളത്തില്‍ സജീവമാകാന്‍ നിര്‍ബന്ധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗാവസ്‌കര്‍ ബി.സി.സി.ഐയോടു ചോദിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴിതാ ധോനി ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ കളിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജാര്‍ഖണ്ഡ് കോച്ച് രാജീവ് കുമാര്‍. ധോനി രഞ്ജി കളിക്കുകയെന്നാല്‍ ഒരു യുവതാരത്തിന് അവസരം നഷ്ടമാവുക എന്നാണ് അര്‍ഥമെന്ന് അദ്ദേഹം പറഞ്ഞു.
ധോനിയെ കളിപ്പിച്ചാല്‍ ടീമിലെ ഒരു യുതാരത്തിന് അവസരം നഷ്ടമാകുമെന്നും അതിനാല്‍ അദ്ദേഹം മനപ്പൂര്‍വം ടീമില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു. ''ധോനി രഞ്ജിയില്‍ കളിക്കണമെന്ന് പല മുന്‍താരങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ചിന്തിക്കണം, ധോനി ടീമിലെത്തിയാല്‍ നന്നായി കളിച്ചു കൊണ്ടിരിക്കുന്ന യുവതാരം ടീമിന് പുറത്താകും. അത്തരമൊരു കാര്യം ധോനിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?''-രാജീവ് കുമാര്‍ ചോദിച്ചു.
ഇപ്പോള്‍ അവസരം ലഭിക്കുന്ന യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തി ദേശീയ ശ്രദ്ധയാകര്‍ഷിക്കാനാണ് ശ്രമിക്കുന്നത്. അതിനിടയിലേക്ക് കടന്നുവരാന്‍ സീനിയര്‍ താരമായ ധോനി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സീസണിലും ധോനി രഞ്ജി മത്സരങ്ങള്‍ കളിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയാണ് ജാര്‍ഖണ്ഡ് കോച്ച് രാജീവ് കുമാറിന്റെ വാക്കുകളില്‍ നിന്ന് ലഭിക്കുന്നത്.
Content Highlights: why ms dhoni is not playing ranji trophy jharkhand coach rajiv kumar