ന്യൂഡല്‍ഹി: ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിന്റെ ഒമ്പതാം വാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച. ക്രിക്കറ്റ് പ്രേമികളും താരങ്ങളും അതിന്റെ ഓര്‍മകള്‍ പങ്കിടുന്നതിനിടെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ ട്വീറ്റ് ഏറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും കാരണമാകുകയും ചെയ്തു.

ഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച എം.എസ് ധോനിയുടെ സിക്‌സിന് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെയായിരുന്നു ഗംഭീര്‍ രംഗത്തെത്തിയത്. ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് ഗംഭീര്‍. മൂന്നു റണ്‍സിനാണ് അന്ന് അദ്ദേഹത്തിന് സെഞ്ചുറി നഷ്ടമായത്.

മികച്ച ഫോമിലായിരുന്ന യുവ്‌രാജ് സിങ്ങിനു മുമ്പേ ക്രീസിലെത്തിയ ധോനി നിര്‍ണായകമായ 91 റണ്‍സെടുത്ത് ഫൈനലിലെ താരമാകുകയും ചെയ്തു. ഇപ്പോഴിതാ അന്ന് ധോനി സ്വയം പ്രമോട്ട് ചെയ്ത് ബാറ്റിങ്ങിനിറങ്ങിയതിന്റെ കാരണം വ്യക്തമാക്കുകയാണ് ലോകകപ്പ് നേടിയ ടീം അംഗമായിരുന്ന സുരേഷ് റെയ്‌ന.

''അന്ന് ശ്രീലങ്ക ഉയര്‍ത്തിയത് ഒരു ചലഞ്ചിങ് ടോട്ടല്‍ ആയിരുന്നെങ്കിലും ഡ്രസ്സിങ് റൂമില്‍ എല്ലാവരും ശാന്തരായിരുന്നു. ഓരോരുത്തരും ഓരോ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ആരും തന്നെ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും കിരീട നേട്ടം തന്നെയായിരുന്നു എല്ലാവരുടെയും മനസില്‍. എന്നാല്‍ സച്ചിന്‍ പുറത്തായതോടെ സ്‌റ്റേഡിയം നിശബ്ദമായി. എങ്കിലും ഞങ്ങളാരും ശാന്ത കൈവെടിഞ്ഞിരുന്നില്ല. എന്നാല്‍ സെവാഗ് പുറത്തായ ശേഷം ഗംഭീര്‍ ഇറങ്ങിയ കാഴ്ച നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകും. ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ക്രീസിലെത്തിയത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ത്തന്നെ ഈ കിരീടം നമ്മള്‍ നേടുമെന്ന് എനിക്ക് തോന്നി. യുവ്‌രാജിനു മുമ്പേ ധോനി ഇറങ്ങിയതും നിര്‍ണായകമായ ഒരു തീരുമാനമായിരുന്നു. മുത്തയ്യ മുരളീധരനെ മികച്ച രീതിയില്‍ കളിക്കാന്‍ തനിക്കാകുമെന്ന് കോച്ച് ഗാരി കേര്‍സ്റ്റണോട് പറഞ്ഞാണ് അദ്ദേഹം ഇറങ്ങിയത്. അന്ന് നടന്നതെല്ലാം എനിക്ക് നന്നായി ഓര്‍മയുണ്ട്'', പി.ടി.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞു.

Content Highlights: why MS Dhoni came out ahead of Yuvraj Singh in 2011 WC Final Suresh Raina reveals