അമ്പരപ്പും നിരാശയും ഒരുപോലെ കൂടിക്കലര്‍ന്നതായിരുന്നു പത്താം സീസണിലേക്കുള്ള താരങ്ങളെ കണ്ടെത്താനുള്ള ഐ.പി.എല്‍ ലേലം. ഇംഗ്ലീഷ് ആധിപത്യം കണ്ട ലേലത്തില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്സും തയ്മല് മില്‍സും പ്രതീക്ഷക്കപ്പുറമുള്ള പണവുമായാണ് പുണെ സൂപ്പര്‍ ജയന്റ്സിന്റെയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെയും തട്ടകത്തിലെത്തിയത്. ഇന്ത്യന്‍ താരങ്ങളില്‍ 3.2 കോടി രൂപ ലഭിച്ച കരണ്‍ ശര്‍മ്മയാണ് ഏറ്റവും വിലപിടിപ്പുള്ള താരം.
പക്ഷേ ഇതിനെല്ലാമപ്പുറം ആരാധകരെ നിരാശപ്പെടുത്തിയത് ഇന്ത്യയുടെ മികച്ച ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മയെയും ഇര്ഫാന് പഠാനെയും വാങ്ങാന്‍ ആരും മുന്നോട്ടുവന്നില്ല എന്നുള്ളതാണ്. രണ്ടു പേരും കഴിഞ്ഞ സീസണില്‍ പുണെ സൂപ്പര്‍ജയന്റ്സിന്റെ ഭാഗമായിരുന്നു.
ഇഷാന്ത് ശര്‍മ്മ
ലേലത്തില്‍ താരമാകാന്‍ പോകുന്നവരുടെ പട്ടികയില്‍ ഇഷാന്തിന്റെ സ്ഥാനം മുകളിലായിരുന്നു. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇഷാന്തിനെ അതിനേക്കാള്‍ തുക കൊടുത്ത് ആരെങ്കിലും വാങ്ങിക്കും എന്നു തന്നെയായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ലേലവേദിയില്‍ ആ കണക്കുകൂട്ടലെല്ലാം തെറ്റി.
ഇഷാന്തിനെ എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന് പരിക്ക് എന്നൊരു ഉത്തരം നല്കി ഒഴിഞ്ഞുമാറാം. 2016ല്‍ പുണയെക്കായി പരിക്ക് മൂലം രണ്ട് മത്സരങ്ങളില്‍ മാത്രമെ ഇഷാന്തിന് ബൗള്‍ ചെയ്യാനായുള്ളൂ. 2017 സീസണില്‍ കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നു ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ഇന്ത്യയുടെ പരമ്പര. പക്ഷേ വീണ്ടും പരിക്ക് വില്ലനായി. ന്യൂസിലന്‍ഡിനെതിരായ മുഴുവന്‍ മത്സരങ്ങളും ഇഷാന്തിന് നഷ്ടപ്പെട്ടു. ഒപ്പം ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ മുക്കാല്‍ സമയവും പുറത്തിരിക്കേണ്ടി വന്നു.
Not being a white ball bowler and having a base price of 2 crore INR has not helped Ishant Sharma's cause
— Aleem M (@aleem025) February 21, 2017
ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും ഓരോ ടെസ്റ്റ് വീതമാണ് ഇഷാന്ത് കളിച്ചത്. ആക്രമണോത്സുകതയോടെ പന്തെറിഞ്ഞിട്ടും രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്നു വീതം വിക്കറ്റ് മാത്രമാണ് ഇഷാന്തിന് ലഭിച്ചത്. ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ റിവേഴ്സ് സ്വിങ്ങിലൂടെയും ബൗണ്‍സറുകളിലൂടെയും ഇഷാന്ത് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു.
ഒക്ടോബറിന് ശേഷം രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച ഇഷാന്തിന് രണ്ടു കോടി അടിസ്ഥാന വിലയിട്ടതാണ് വിനയായത്. സാധാരണ ഇന്ത്യന്‍ പേസ്് ബൗളര്‍മാര്‍ക്ക് വലിയ വില ഇടാറില്ല. ഒരു കോടിയുടെയും രണ്ടു കോടിയുടെയും ഇടയില്‍ നിലവില്‍ ഒരൊറ്റ ഇന്ത്യന്‍ ബൗളര്മാരുമുണ്ടായിരുന്നില്ല. ഇതൊക്കെ കൊണ്ടു തന്നെയാകും ഇഷാന്ത് എടുക്കാ ചരക്കായി മാറിയത്.
Ishant Sharma - The Unsold Story 😍😍#IPL_Auction
— FEKUPEDIA (@FekUniverse) February 20, 2017
- Proud IshantHolic :) pic.twitter.com/ZSP7D3LAHp
ഇര്ഫാന് പഠാന്
ഇര്ഫാന് പഠാന് സ്വയം കരുതുന്നത് തന്നെ ഭാഗ്യമില്ലാത്തവന് എന്നാണ്. ഐ.പി.എല്ലിന്റെ പത്താം സീസണിലും ഇര്‍ഫാനെ ഭാഗ്യം തുണച്ചില്ല.
2016ല്‍ പരിക്ക് മൂലം പുണെയ്ക്ക് വേണ്ടി ഒരൊറ്റ മത്സരം മാത്രമാണ് ഇര്ഫാന് കളിച്ചത്. പക്ഷേ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഇര്ഫാന് അഞ്ചു വിക്കറ്റ് വീഴ്്ത്തി. 6.28 എക്കണോമിയില്‍ 17.6 ശരാശരിയിലായിരുന്നു ഇര്‍ഫാന്റെ ബൗളിങ്ങ്.
പക്ഷേ നാല് മത്സരങ്ങളില്‍ നിന്ന് 32 റണ്‍സ് മാത്രമേ ഇര്ഫാന് നേടാനായുള്ളു. ഓള്‍റൗണ്ടര്‍ എന്നു പേരുള്ള ഇര്‍ഫാനെ ലേലത്തില്‍ അവഗണിക്കാന്‍ കാരണം ഒരുപക്ഷേ അതായിരിക്കും. അടിസ്ഥാന വില 50 ലക്ഷം മാത്രമാണെന്നിരിക്കെ ഇര്‍ഫാനെ ഏതെങ്കിലും ടീം ലേലത്തിലെടുക്കേണ്ടതായിരുന്നു. എന്നാല്‍ പരിക്കും ഫോമില്ലായ്മയും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാതിരുന്നതുമെല്ലാം ഇര്‍ഫാനെ തെരഞ്ഞെടുക്കാതിരിക്കാന്‍ കാരണമായി എന്നു വേണം കരുതാന്‍.