Photo: twitter.com/BCCI
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യും വിജയിച്ച് ഇന്ത്യന്‍ യുവനിര പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 225 റണ്‍സെന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും വെറും നാല് റണ്‍സിനാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്.
മത്സരത്തിലെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞത് ഉമ്രാന് മാലിക്കായിരുന്നു. അവസാന ഓവറില്‍ ഐറിഷ് പടയ്ക്ക് ജയിക്കാന്‍ 17 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഉമ്രാനെ പന്തേല്‍പ്പിക്കുന്നത്. ആദ്യ മൂന്ന് പന്തുകളില്‍ രണ്ട് ബൗണ്ടറിയും ഒരു നോ ബോളും വഴങ്ങിയ ഉമ്രാന് അവസാന മൂന്ന് പന്തുകള്‍ മികച്ചതാക്കി ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
ഇന്ത്യക്കായി രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന ഉമ്രാന് അവസാന ഓവര്‍ നല്‍കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് ഹാര്‍ദിക് പ്രതികരിച്ചു. ''ആ സമയം എനിക്ക് ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. സമ്മര്‍ദം ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. പേസ് ഉള്ളതുകൊണ്ടു തന്നെ അപ്പോള്‍ ഉമ്രാനെ പിന്തുണയ്ക്കുകയായിരുന്നു. ആ പേസില്‍ അടിച്ചുകളിക്കുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.'' - ഹാര്‍ദിക് വ്യക്തമാക്കി.
അവസാന ഓവറില്‍ 12 റണ്‍സ് മാത്രമാണ് ഉമ്രാന് വഴങ്ങിയത്. ഉമ്രാന് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് നോ ബോളായിരുന്നു. ഇതിന് ലഭിച്ച ഫ്രീ ഹിറ്റില്‍ നിന്ന് മാര്‍ക്ക് അഡയര്‍ ബൗണ്ടറി നേടി. അടുത്ത പന്തിലും ബൗണ്ടറി. ഇതോടെ ഇന്ത്യയ്ക്ക് സമ്മര്‍ദമേറി. എന്നാല്‍ അവസാന മൂന്ന് പന്തിലും ഒരു ബൗണ്ടറി പോലും വഴങ്ങാതെ ഉമ്രാന് ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 225 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന്റെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..