നാട്ടിലെ പുലികളെന്നും വിദേശത്തെത്തുമ്പോള്‍ കവാത്ത് മറക്കുന്നവരെന്നുമുള്ള പേര് ഇന്ത്യന്‍ ടീം കുറേകാലമായി കേട്ടുവരുന്നതാണ്. അതിന് അടിവരയിടുന്നതാണ് ലോക ഒന്നാം നമ്പര്‍ ടീമിന്റെ ഇംഗ്ലണ്ടിലെ ഇപ്പോഴത്തെ അവസ്ഥ. ബാറ്റിങ് നിരയുടെ ഈ ഉത്തരവാദിത്വമില്ലായ്മ കാണുമ്പോള്‍ ഒരു തവണയെങ്കിലും ഇന്ത്യന്‍ ടീം, മുന്‍ നായകന്‍ എം.എസ് ധോനിയെ മിസ് ചെയ്തിരിക്കില്ലേ? 

ഇന്ത്യന്‍ ടീമിന്റെ ആരാധകരില്‍ പലരും ധോനി ടെസ്റ്റില്‍ നിന്ന് വിരമിച്ചില്ലായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവരാണ്. ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ചൂളിപ്പോയപ്പോള്‍ പലരും ആ ഏഴാം നമ്പറുകാരന്റെ സാന്നിധ്യം ടീമില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയവരാണ്.

എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ കോലിക്ക് പിന്തുണ നല്‍കാന്‍ ഒരാള്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍ മത്സരം ഇന്ത്യയ്ക്ക് സ്വന്തമായേനേ. ഇത്തരം ഒട്ടേറെ അവസരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്ക് കരയ്ക്കടുപ്പിച്ച ചരിത്രമുള്ള താരമാണ് ധോനി. അതു മാത്രമോ, എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ 7/87 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഈ സമയത്ത് മികച്ച ഫോമില്‍ പന്തെറിയുകയായിരുന്ന അശ്വിനെ പിന്‍വലിച്ച് കോലി ഫാസ്റ്റ് ബൗളര്‍മാരെ ആശ്രയിക്കുകയായിരുന്നു.

ഫലമോ സാം കറനും ആദില്‍ റഷീദും ചേര്‍ന്ന് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇടങ്കയ്യന്‍മാര്‍ക്കെതിരെ മികച്ച ശരാശരിയുള്ള അശ്വിനെ ബൗള്‍ ചെയ്യിപ്പിക്കാതിരുന്നതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. ധോനിയെ പോലെയുള്ള ഒരു നായകന്റെ നീക്കങ്ങള്‍ ഒരു പക്ഷേ ഈ സന്ദര്‍ഭത്തില്‍ ടീമിന് ആവശ്യമായിരുന്നു എന്നുവേണം പറയാന്‍.

ധോനിയെ പോലെയുള്ള ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സാമാനെ ഇന്ത്യയ്ക്ക് ഇനി ലഭിക്കില്ലെന്നു തന്നെ പറയേണ്ടി വരും. ദിനേഷ് കാര്‍ത്തിക്കിന്റെ ഇപ്പോഴത്തെ വിക്കറ്റിനു പിന്നിലെ ഫോമും ബാറ്റുകൊണ്ടുള്ള പ്രകടനവും തീര്‍ത്തും പരിതാപകരമാണ്. പ്രത്യേകിച്ചും ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റോ കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസവും ഈ പൊസിഷനാണ്.

2014-ല്‍ നായകനായിരുന്ന സമയത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരന്‍ ധോനിയായിരുന്നു. പ്രത്യേകിച്ചും വാലറ്റക്കാരുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളിലും ഇംഗ്ലീഷ് ബൗളര്‍മാരുടെ സ്വിങ് ബൗളിങ്ങിനു മുന്നില്‍ കാര്‍ത്തിക്കിന് മറുപടിയുണ്ടായിരുന്നില്ല. ബാറ്റിങ് ടെക്‌നിക്കിന്റെ കാര്യത്തിലും ഫുട്ട്‌വര്‍ക്കിലും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ധോനിക്ക്. പന്തിനെ വൈകി നേരിടുന്നത് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് യോജിക്കുന്നതാണ്. ധോനിയുടെ പ്രധാന സവിശേഷതകളിലൊന്നും ഇതായിരുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ധോനി ഇത് കൃത്യമായി നടപ്പാക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് അര്‍ധ സെഞ്ചുറിയടക്കം 34.90 ശരാശരിയില്‍ 349 റണ്‍സായിരുന്നു ധോനിയുടെ സമ്പാദ്യം. 82 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ ബാറ്റിങ് നിര കളിമറക്കുന്ന സാഹചര്യത്തില്‍ കോലിക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ ഒരാളെ ഇപ്പോഴും തിരയുകയാണ് ടീം ഇന്ത്യ.

Content Highlights: why does india miss dhoni in tests