ന്യൂഡല്‍ഹി: വിദേശ താരങ്ങളായ ജോഫ്ര ആര്‍ച്ചറേയും ബെന്‍ സ്റ്റോക്ക്‌സിനേയും രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്താത്തതില്‍ പ്രതികരണവുമായി പരിശീലകന്‍ കുമാര്‍ സംഗക്കാര. ആ തീരുമാനം പ്രയാസമായിരുന്നെന്നും ഐപിഎല്ലില്‍ അവര്‍ എല്ലാ മത്സരങ്ങളിലുമുണ്ടാകില്ല എന്നതാണ് റിലീസ് ചെയ്യാന്‍ കാരണമെന്നും സംഗക്കാര വ്യക്തമാക്കി.

'ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്ക്‌സും. ഞാന്‍ ഈ അടുത്തുകണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് സ്‌റ്റോക്ക്‌സ്. മാച്ച് വിന്നര്‍. എന്നാല്‍ ടീം തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടി വരും. കളിക്കാരുടെ ലഭ്യതയാണ് ഇതില്‍ പ്രധാനം. ടൂര്‍ണമെന്റില്‍ എത്ര മത്സരങ്ങള്‍ ഇവര്‍ കളിക്കും എന്നത് ഒരു ചോദ്യമാണ്.

ട്വന്റി-20യില്‍ ആര്‍ച്ചറെ പോലെ മികച്ച മറ്റൊരു ബൗളറില്ല. ടീമില്‍ നിലനിര്‍ത്താതിരുന്നതിന്റെ കാരണം കളിക്കാര്‍ക്കും മനസിലാവും എന്നു കരുതുന്നു. വിടപറയുന്നതില്‍ ടീമിനെപ്പോലെ കളിക്കാരും നിരാശരാണ്. എന്നാല്‍ എല്ലാ ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.' സംഗക്കാര വ്യക്തമാക്കുന്നു. 

ഐപിഎല്‍ അടുത്ത സീസണിലേക്ക് മൂന്നു താരങ്ങളെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. സഞ്ജു സാംസണും ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും. 14 കോടി രൂപയ്ക്കാണ് സഞ്ജുവിനെ നിലനിര്‍ത്തിയത്. ബട്‌ലറുടെ പ്രതിഫലം 10 കോടി രൂപയും യശ്വസിയുടേത് നാല് കോടി രൂപയുമാണ്. 

Content Highlights: Why did Rajasthan Royals not retain Jofra Archer and Ben Stokes Kumar Sangakkara answers