ബര്‍മിങ്ങാം: ഏറെകാലമായി ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായിരുന്ന ചേതേശ്വര്‍ പൂജാരയില്ലാതെയാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ഇറങ്ങിയത്. പൂജാരയുടെ പുറത്താകല്‍ ഏറെക്കുറെ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചതുമാണ്.

ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കൗണ്ടിക്രിക്കറ്റില്‍ യോര്‍ക്ക്ഷെയറിനായും റണ്‍സ് കണ്ടെത്താന്‍ പൂജാര ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാരണത്താല്‍ തന്നെ ആദ്യ ഇലവനില്‍ അദ്ദേഹത്തിനു പകരം ഫോമിലുള്ള കെ.എല്‍ രാഹുലെത്തി.

ഉപഭൂഖണ്ഡത്തിനു പുറത്തുള്ള മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ പൂജാര തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. 
ടെസ്റ്റ് കരിയറില്‍ 58 മത്സരങ്ങളില്‍ നിന്നായി 50.34 ശരാശരിയില്‍ 4531 റണ്‍സ് നേടിയിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ 2014-ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 10 ഇന്നിങ്സുകളില്‍ നിന്നായി 22.02 ശരാശരിയില്‍ 222 റണ്‍സ് മാത്രമായിരുന്നു പൂജാരയുടെ സമ്പാദ്യം. ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ച വിദേശ താരങ്ങളിലെ മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്റെ രണ്ടാമത്തെ മോശം ബാറ്റിങ് ശരാശരിയും അദ്ദേഹത്തിന്റെ പേരിലാണ്.

ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് കൗണ്ടി ക്ലബ്ബ്  എസ്സെക്‌സിനെതിരായ ത്രിദിന മത്സരത്തിലും പൂജാരയുടെ പ്രകടനം മോശമായിരുന്നു. 1, 23 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സ്‌കോറുകള്‍. ഇതൊക്കെ അദ്ദേഹത്തിന് ടീമിന് പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു.

Content Highlights: why cheteshwar pujara dropped for edgbaston test