ഇസ്ലാമാബാദ്: 2023-ലെ ലോകകപ്പ് മനസില്‍ കണ്ടാണ് ബാബര്‍ അസമിന് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതെന്ന് പാകിസ്താന്‍ ചീഫ് സെലക്ടറും പരിശീലകനുമായ മിസ്ബാഹ് ഉള്‍ ഹഖ്. ക്യാപ്റ്റന്‍ സ്ഥാനത്ത് അതിനാല്‍ തന്നെ താരത്തിന്റെ വളര്‍ച്ചയ്ക്ക് മൂന്നു വര്‍ഷം ലഭിക്കുമെന്നും മിസ്ബാഹ് ചൂണ്ടിക്കാട്ടി.
നിലവില്‍ പാകിസ്താന്റെ ട്വന്റി 20 ടീം ക്യാപ്റ്റനായ ബാബറിനെ ബുധനാഴ്ചയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് അഹമ്മദിന് പകരം ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
പുതിയ ചുമതലയുടെ സമ്മര്‍ദമൊന്നും ബാബറിന് ഉണ്ടാകില്ലെന്ന് മിസ്ബാഹ് പ്രതികരിച്ചു. ട്വന്റി 20 നായകനായ ശേഷം പോലും ബാബറിന്റെ ടെസ്റ്റിലെ പ്രകടനം വലിയ രീതിയില്‍ മെച്ചപ്പെട്ടിരുന്നുവെന്നും ഇത്തരം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മിസ്ബാഹ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ടെസ്റ്റില്‍ അസ്ഹര്‍ അലി തന്നെ ക്യാപ്റ്റനായി തുടരും.
ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ 2020-21 സീസണിലെ 18 കളിക്കാരുടെ കരാര്‍ പട്ടികയില്‍ പുതുമുഖങ്ങളായ നസീം ഷായും ഇഫ്തിക്കര്‍ അഹമ്മദും ഇടംപിടിച്ചു. പരിചയസമ്പന്നരായ മുഹമ്മദ് ആമിറിനും വഹാബ് റിയാസും കരാറില്‍ ഇടം കണ്ടെത്തിയില്ല.
സമീപകാലത്ത് പാകിസ്താന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ബാബര്‍ അസം. 25-കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38 ട്വന്റി 20-യില്‍നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സും നേടിയിട്ടുണ്ട്.
Content Highlights: why Babar Azam was made ODI captain Pakistan coach Misbah-ul-Haq explains