ന്യൂഡല്‍ഹി: ശിഖര്‍ ധവാനും എം.എസ് ധോനിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. രാജ്യാന്തര മത്സരങ്ങളുടെ ഇടവേളകളില്‍ ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതെന്താണെന്ന് ഗവാസ്‌ക്കര്‍ ചോദിക്കുന്നു. 2019 ലോകകപ്പ് ഉള്‍പ്പെടെയുള്ള തിരക്കേറിയ സീസണ്‍ മുന്നില്‍ നില്‍ക്കെ ധോനി ക്രിക്കറ്റ് കളിച്ചിട്ട് മാസങ്ങളായെന്നും ഇത് പ്രകടനത്തെ ബാധിക്കുമെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ടീമില്‍ ധവാന്‍ ഇടം പിടിച്ചിരുന്നില്ല. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം മെല്‍ബണില്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് ധവാന്‍. അതേസമയം നവംബര്‍ ഒന്നിന് അവസാനിച്ച വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ധോനി ക്രിക്കറ്റ് കളിച്ചിട്ടില്ല. 

'എന്തുകൊണ്ടാണ് നിങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതെന്ന് നമ്മള്‍ ധവാനോടും ധോനിയോടും ചോദിക്കുന്നില്ല. ഈ ചോദ്യം ചോദിച്ചേ തീരൂ. രാജ്യാന്തര മത്സരങ്ങളില്ലാത്ത സമയത്ത് ആഭ്യന്തര മത്സരങ്ങളും ഒഴിവാക്കാന്‍ ധോനിയേയും ധവാനേയും അനുവദിക്കുന്നത് എന്തിനാണെന്ന് ബി.സി.സി.ഐയോട് ചോദിക്കണം'. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ മികച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കണമെങ്കില്‍ താരങ്ങള്‍ മികച്ച ഫോമിലായിരിക്കണം. അതിന് അവര്‍ ക്രിക്കറ്റ് കളിച്ചേ മതിയാകൂ. നവംബര്‍ ഒന്നിനാണ് ധോനി അവസാനം കളിച്ചത്. ഇനി കളിക്കണമെങ്കില്‍ അടുത്ത ജനുവരിയാകണം. അത് വലിയൊരു ഇടവേളയാണ്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ ധോനിയുടെ പ്രകടനം മമോശമായാല്‍ ലോകകപ്പില്‍ ധോനിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടും. ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

കളിക്കാര്‍ക്ക് പ്രായമാകുകയും ക്രിക്കറ്റില്‍ വലിയ ഇടവേള വരികയും ചെയ്താല്‍ അത് അവരുടെ പ്രകടനത്തെ ബാധിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായാല്‍ ദീര്‍ഘമേറിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള അവസരം ലഭിക്കും. അത് ഒരു പരിശീലനം കൂടിയാണ്. ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Why aren't MS Dhoni, Shikhar Dhawan playing domestic cricket? asks Gavaskar