ലണ്ടന്‍: സൂപ്പര്‍ ഓവറിലേക്കു നീണ്ട ആദ്യ ലോകകപ്പ് ഫൈനല്‍ മത്സരമായിരുന്നു ഇത്തവണത്തേത്. നിശ്ചിത ഓവറില്‍ സ്‌കോര്‍ ടൈ ആയതിനാലാണ് മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടത്. എന്നാല്‍ സൂപ്പര്‍ ഓവറും ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ ഐ.സി.സിയുടെ ഈ തീരുമാനത്തിനെതിരേ മുതിര്‍ന്ന താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് പ്രേമികളും ഈ തീരുമാനത്തിനെതിരേ പ്രതികരിച്ചു. ഇതിനിടെ ഇരുടീമുകളും അടിച്ച ബൗണ്ടറികളും തുല്യമായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും വിജയികളെ തീരുമാനിക്കുക എന്ന ചോദ്യവും ഉയര്‍ന്നുവന്നു.

ഇക്കാര്യത്തെ കുറിച്ച് ഐ.സി.സിയുടെ നിയമത്തില്‍ പറയുന്നത് ഇങ്ങനെ;

നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരു ടീമുകളും നേടിയ ബൗണ്ടറികള്‍ തുല്യമായാല്‍ സൂപ്പര്‍ ഓവറില്‍ നേടിയ ബൗണ്ടറികള്‍ കണക്കാക്കാതെ നിശ്ചിത 50 ഓവറില്‍ ടീമുകള്‍ നേടിയ ബൗണ്ടറികളുടെ എണ്ണമെടുക്കും. ഇത്തരത്തില്‍ നിശ്ചിത 50 ഓവറില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീം വിജയികളാകും.

ഇനി നിശ്ചിത 50 ഓവറിലും ബൗണ്ടറികളുടെ എണ്ണം തുല്യമായാല്‍ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ഏത് ടീമാണോ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത് അവരെ വിജയികളായി പ്രഖ്യാപിക്കും.

ഇനി സൂപ്പര്‍ ഓവറില്‍ ഒരു ടീമിന് നാലു പന്തുകള്‍ മാത്രമാണ് നേരിടാനായതെങ്കില്‍, അതിനുള്ളില്‍ അവരുടെ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നാലാമത്തെ പന്ത് അവസാന പന്തായി കണണക്കാക്കി അതില്‍ എത്ര റണ്‍സ് നേടിയിട്ടുണ്ടെന്ന് നോക്കും.

Content Highlights: Who would have won, had the boundary count too ended in a tie