Photo: Getty Images
വിരാട് കോലി അപ്രതീക്ഷിതമായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകപദവി ഒഴിഞ്ഞതോടെ പുതിയ നായകനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ ഒരുക്കം തുടങ്ങി. ക്യാപ്റ്റനെ നിശ്ചയിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) അഭിപ്രായവും പ്രധാനമാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി ഇന്ത്യയ്ക്കുമുന്നിലുള്ളത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി 25-ന് തുടങ്ങും.
ഏകദിന, ട്വന്റി 20, ടീമുകളുടെ നായകനായ രോഹിത് ശര്‍മ, മുന്‍നിര ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ പരിഗണനയിലുണ്ട്. വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചിരുന്ന അജിന്‍ക്യ രഹാനെ, പൂര്‍ണമായും ഫോം ഔട്ട് ആയതിനാല്‍ ടീമില്‍ സ്ഥാനം ഉണ്ടാകാനിടയില്ല. ഏകദിന, ട്വന്റി 20 ടീമുകള്‍ക്ക് പിന്നാലെ ടെസ്റ്റിലും രോഹിത് ശര്‍മയെ നായകനാക്കും എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പലവട്ടം കിരീടത്തിലേക്കു നയിച്ചാണ് രോഹിത് ക്യാപ്റ്റനായി ശ്രദ്ധനേടിയത്. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഹിതിനു പകരം മറ്റൊരാളെ കണ്ടെത്താനാകും ശ്രമം.
പരിക്കുകാരണം പലപ്പോഴും ടീമില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നത് തിരിച്ചടിയാണ്. എന്നുമാത്രമല്ല, ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യവുമല്ല ഈ മുംബൈ ബാറ്റ്‌സ്മാന്‍. ഇടവേളയ്ക്കുശേഷം, കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയെങ്കിലും പരിക്കുകാരണം പിന്നെയും വിട്ടുനിന്നു. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കളിക്കാനായില്ല. 35 വയസ്സിനോടടുക്കുന്ന രോഹിത്തിന് മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കാനാകില്ല. ഏകദിനത്തില്‍, 2023 ലോകകപ്പ് ലക്ഷ്യംവെച്ചാണ് നായകനാക്കിയത്.
ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ കോലി പരിക്കുകാരണം മാറിയപ്പോള്‍ ഇന്ത്യയെ നയിച്ചത് കെ.എല്‍. രാഹുലാണ്. പരിക്കേറ്റ രോഹിതിനു പകരം ഏകദിനത്തിലും രാഹുലിനെ നായകനാക്കിയിട്ടുണ്ട്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെ രണ്ടു സീസണില്‍ നയിച്ചതിന്റെ പരിചയസമ്പത്തുമുണ്ട്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇലവനില്‍ സ്ഥാനം ഉറപ്പുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ഋഷഭ് പന്ത്.
ആക്രമണോത്സുക ബാറ്റിങ്ങും ടീമിനെ പ്രചോദിപ്പിക്കാനുള്ള ഊര്‍ജവുമുണ്ട്. എന്നാല്‍, ബാറ്റിങ്ങില്‍ സ്ഥിരതയില്ല. ഒട്ടേറെ സീനിയര്‍ താരങ്ങള്‍ക്കിടയില്‍ 24-കാരനായ ഋഷഭ് നായകനായാല്‍ ടീമിന്റെ സന്തുലനത്തെ ബാധിക്കുമോ എന്ന സംശയമുണ്ട്.
Content Highlights: who will be india s next test captain Will kl rahul pip rohit sharma
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..