സംഭവബഹുലമായ 2021 അവസാനിക്കുകയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പല ക്രിക്കറ്റ് താരങ്ങളും ആരാധകരുടെ മനസ്സില്‍ ഇടം നേടി. ബാറ്റിങ് മികവുകൊണ്ട് തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്ത പല താരങ്ങളുമുണ്ട്. ലോകോത്തര താരങ്ങള്‍ പലരും പിന്നോട്ട് പോയ വര്‍ഷം കൂടിയാണിത്. 2021-ല്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍ ആരെല്ലാമാണെന്ന് പരിശോധിക്കാം.

ടെസ്റ്റില്‍ വേരുറപ്പിച്ച് റൂട്ട്

2021-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ്. 61.00 ശരാശരിയില്‍ 1708 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു കലണ്ടര്‍ വര്‍ഷത്തിലേറ്റവുമധികം റണ്‍സ് നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമായി റൂട്ട് മാറി. ഈ പട്ടികയില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയാണ് രണ്ടാമത്. 47.68 ശരാശരിയില്‍ 906 റണ്‍സ് രോഹിത് നേടി. ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യക്കാര്‍ ഇടം നേടി. രോഹിതിന് പിന്നാലെ മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെ (902) ഇടം നേടി. ഋഷഭ് പന്ത് (748), ചേതേശ്വര്‍ പൂജാര (702) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

ഏകദിനത്തില്‍ ഞെട്ടിച്ച് സ്റ്റെര്‍ലിങ്

ഏകദിന ക്രിക്കറ്റില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മുന്നേറ്റം നടത്തിയത് അയര്‍ലന്‍ഡിന്റെ പോള്‍ സ്‌റ്റെര്‍ലിങ്ങാണ്. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് സ്‌റ്റെര്‍ലിങ്ങാണ്. 54.23 ശരാശരിയില്‍ 705 റണ്‍സാണ് താരം അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ ജന്നേമന്‍ മലാന്‍ 509 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ അഞ്ചില്‍ ഒരു ഇന്ത്യന്‍ താരം പോലും ഇടം നേടിയില്ല. ബംഗ്ലാദേശിന്റെ തമീം ഇഖ്ബാല്‍ (464), അയര്‍ലന്‍ഡിന്റെ ഹാരി ടെക്ടര്‍ (454), ആന്‍ഡി ബാല്‍ബിര്‍നി (421) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.

ട്വന്റി 20 കൊടുങ്കാറ്റായി റിസ്വാന്‍

ട്വന്റി 20 ലോകകപ്പ് നടന്ന 2021-ല്‍ നിരവധി താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. ട്വന്റി 20 യില്‍ പാകിസ്താന്റെ ആധിപത്യത്തിന് 2021 സാക്ഷിയായി. പാകിസ്താന്റെ രണ്ട് താരങ്ങള്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടു. അതും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 2021-ല്‍ ട്വന്റി 20 യില്‍ ഏറ്റവുമധികം റണ്‍സെടുത്തത് പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ്. 1326 റണ്‍സാണ് താരം ഈ വര്‍ഷം അടിച്ചെടുത്തത്. പാക് നായകന്‍ ബാബര്‍ അസം 939 റണ്‍സ് നേടി രണ്ടാം സ്ഥാനം സ്വന്തമാക്കി. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (678), ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ് (627), ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ (589) എന്നിവരാണ് മൂന്നുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍. ട്വന്റി 20യിലും ആദ്യ അഞ്ചില്‍ ഇടം നേടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല

Content Highlights: Who scored most runs in 2021? List of top-scoring batsmen in Tests, ODIs, T20Is this year