ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിര്‍ണായക സാന്നിധ്യമായിത് ഋഷഭ് പന്തായിരുന്നു.
അതേസമയം സിഡ്‌നിയിലും ബ്രിസ്‌ബെയ്‌നിലുമായി നടന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ പന്തിനെ ബാറ്റിങ് ഓര്‍ഡറില്‍ നേരത്തേ ഇറക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം ഫലം കണ്ടിരുന്നു.
സിഡ്‌നിയില്‍ രണ്ടാം ഇന്നിങ്‌സില്‍ 97 റണ്‍സ് നേടിയ പന്ത് ഗാബയില്‍ 89 റണ്‍സുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
സാധാരണ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ആറാമതാണ് പന്ത് ബാറ്റിങ്ങിനെത്താറ്. എന്നാല്‍ സിഡ്‌നിയിലും ഗാബയിലും അഞ്ചാം സ്ഥാനത്തിറങ്ങി.
ഇപ്പോഴിതാ പന്തിനെ ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോട്ട് ചെയ്യാനുള്ള ആശയം ആരുടേതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍.
അഡ്‌ലെയ്ഡ് ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ ആശയം പങ്കുവെച്ചതെന്ന് വിക്രം പറഞ്ഞു.
ഇന്ത്യന്‍ താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹവുമൊത്ത് നടന്ന സംഭാഷണത്തിലാണ് വിക്രം ഇക്കാര്യം വെളിപ്പെടുത്തിയത്.
''ഋഷഭിനെ നേരത്തെയിറക്കാനുള്ള തീരുമാനം എന്റേതായിരുന്നില്ല. അതിന്റെ ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല. അതെല്ലാം തുടങ്ങിയത് നമ്മള്‍ തോറ്റ ആദ്യ ടെസ്റ്റിനു (അഡ്‌ലെയ്ഡ്) ശേഷമാണ്. വിരാട് നാട്ടിലേക്ക് മടങ്ങും മുമ്പ് വിരാടും അജിങ്ക്യയും ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നിരുന്നു. അവിടെയാണ് ഇക്കാര്യം ചര്‍ച്ചയ്ക്കു വന്നത്. വിരാടാണ് അക്കാര്യം ആദ്യം പറഞ്ഞത്. രണ്ട് ഇടംകൈയന്‍മാരെ വെച്ചാണ് (പന്ത്, ജഡേജ) നമ്മള്‍ കളിക്കുന്നതെങ്കില്‍ പന്തിനെ അഞ്ചാം നമ്പറിലിറക്കുന്നത് നല്ല ആശയമാകുമെന്ന് തോന്നി. കാരണം നമുക്ക് ഇടംകൈ-വലംകൈ കോമ്പിനേഷന്‍ നിലനിര്‍ത്താനാകും. അങ്ങനെ ഒരു അവസരം വന്നപ്പോഴാണ് പന്തിനെ സിഡ്‌നിയിലും ഗാബയിലും അഞ്ചാമത് ഇറക്കിയത്.'' - വിക്രം പറഞ്ഞു.
Content Highlights: who gave the Idea To Promote Rishabh Pant Up The Order Vikram Rathour reveals