മുംബൈ: ധോനിയുടെ മികവിനെ പുകഴ്ത്തിയും ഗ്രെഗ് ചാപ്പലിന്റെ പരിശീലനത്തെക്കുറിച്ചുമെല്ലാം സൗരവ് ഗാംഗുലി തന്റെ ആത്മകഥയായ എ സെഞ്ചുറി ഈസ് നോട്ട് ഇനഫില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആത്മകഥയില്‍ സൗരവ് ഗാംഗുലിയുടെ മറ്റൊരു വെളിപ്പെടുത്തലിനെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമൊത്തുള്ള ഡ്രസ്സിങ് റൂമിലെ അനുഭവത്തെ കുറിച്ചാണ് ഗാംഗുലി വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ അരങ്ങേറ്റ ടെസ്റ്റിനിടെയുണ്ടായ സംഭവമാണ് ദാദ പറഞ്ഞിരിക്കുന്നത്. 1996ല്‍ ലോഡ്‌സിലായിരുന്നു ഗാംഗുലിയുടെ അരങ്ങേറ്റം. അന്ന് ഡ്രസ്സിങ് റൂമില്‍വെച്ച് സച്ചിന്‍ തന്നെ എങ്ങനെയാണ് സഹായിച്ചതെന്നാണ് ഗാംഗുലി ആത്മകഥയില്‍ പറയുന്നത്.

'ഞാനെന്റെ ആദ്യ ടെസ്റ്റ് കളിക്കുകയായിരുന്നു. ചായ്ക്ക് പിരിയുന്ന സമയമായപ്പോഴേക്കും ഞാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ആറു മണിക്കൂര്‍ നീണ്ട ബാറ്റിങ്ങിന് ശേഷമായിരുന്നു ആ ഇടവേള. ഡ്രസ്സിങ് റൂമില്‍ വെച്ച് നല്ല ചൂടുള്ള ചായയാണ് കിട്ടിയത്. അത് കുടിക്കാന്‍ എനിക്ക് നേരമില്ലായിരുന്നു. വിള്ളല്‍ വീണ ബാറ്റിന്റെ പിടി ശരിയാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. ആ സമയത്ത് സച്ചിന്‍ എന്റെ അരികിലെത്തി. 'നീ ചായ കുടിച്ചോളു. നിനക്ക് ബാറ്റ് ചെയ്യാനുള്ളതല്ലേ, ബാറ്റ് ഞാന്‍ ശരിയാക്കിക്കൊള്ളാം.' സച്ചിന്‍ എന്നോട് പറഞ്ഞു. ഗാംഗുലി ആത്മകഥയില്‍ എഴുതുന്നു.

Content highlights: When Sachin Tendulkar Taped Sourav Ganguly's Bat During Lord's Test