2007-ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന പരമ്പരയില്‍ കേപ് ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ വിചിത്ര നിമിഷങ്ങള്‍ക്കൊന്നിന് വേദിയായിരുന്നു. ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങായിരുന്നു. വസീം ജാഫറും വീരേന്ദര്‍ സെവാഗുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. നിര്‍ഭാഗ്യമെന്നുപറയട്ടെ രണ്ടു പേരും പെട്ടെന്ന് തന്നെ പുറത്തായി. അടുത്തതായി സച്ചിന്‍ തെണ്ടുല്‍ക്കറെ കാത്തിരുന്ന ആരാധകരും ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഞെട്ടി, സച്ചിന്‍ ബാറ്റിങ്ങിന് ഇറങ്ങുന്നില്ല.

സമയം കടന്നുപോയിട്ടും ബാറ്റിങ്ങിനായി ഇന്ത്യന്‍ ടീമില്‍ നിന്ന് ആരും തന്നെ മൈതാനത്തേക്ക് വരുന്നില്ല. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടീം അമ്പയര്‍മാരുടെ പക്കല്‍ പരാതിയുമായി ചെന്നു. ക്രിക്കറ്റിലെ നിയമമനുസരിച്ച് ഒരു വിക്കറ്റ് വീണുകഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളില്‍ അടുത്ത ബാറ്റ്‌സ്മാന്‍ ക്രീസിലെത്തിയിരിക്കണം. അല്ലെങ്കില്‍ അമ്പയര്‍ക്ക് നടപടിയെടുക്കാം.

എന്നാല്‍ ഈ കാലതാമസം മനഃപ്പൂര്‍വ്വം സംഭവിച്ചതായിരുന്നില്ല. തീരെ പ്രതീക്ഷിക്കാത്ത ഒരു സാങ്കേതിയ പ്രശ്‌നമായിരുന്നു. സംഭവം ഇങ്ങനെ; ടെസ്റ്റിന്റെ തലേ ദിവസം ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിനിടെ പരിക്കേറ്റ സച്ചിന്‍ കുറച്ചുസമയത്തേക്ക് കളംവിട്ടിരുന്നു. ക്രിക്കറ്റ് നിയമമനുസരിച്ച് ഫീല്‍ഡില്‍ നിന്നും മാറി നിന്നാല്‍ പിന്നീട് ടീം ബാറ്റിങ് ആരംഭിച്ചാലും എത്ര സമയം മാറിനിന്നോ അത്രയും സമയത്തെ കളി പൂര്‍ത്തിയായ ശേഷമേ ആ താരത്തിന് വീണ്ടും കളത്തിലിറങ്ങാനാകൂ. സച്ചിന്‍ പാഡ് ചെയ്ത് തയ്യാറായിരിക്കുകയായിരുന്നു. എന്നാല്‍ ഓപ്പണര്‍മാര്‍ ഇത്ര പെട്ടെന്ന് പുറത്താകുമെന്ന് ആരും കരുതിയില്ല. മേല്‍പ്പറഞ്ഞ കാരണം കൊണ്ടു തന്നെ സച്ചിന് അപ്പോള്‍ ബാറ്റിങ്ങിന് ഇറങ്ങാനാകില്ലെന്ന് ഫോര്‍ത്ത് അമ്പയര്‍ അറിയിച്ചു. ഇതോടെ സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും പെട്ടെന്ന് പാഡ് അപ്പ് ചെയ്യേണ്ടി വന്നു. ഇതാണ് ആശയക്കുഴപ്പത്തിലേക്കും കാലതാമസത്തിലേക്കും നയിച്ചത്. 

തുടര്‍ന്ന് സച്ചിനു പകരം ദ്രാവിഡാണ് അന്ന് ബാറ്റിങ്ങിനിറങ്ങിയത്. അടുത്തതായി ഗാംഗുലിയും ഇറങ്ങി. സച്ചിന്‍ അന്ന് അഞ്ചാമനായാണ് ബാറ്റിങ്ങിനെത്തിയത്.

Content Highlights: when Sachin Tendulkar’s delayed arrival created confusion in 2007 Cape Town test