1998-ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കക്കോള കപ്പ് ക്രിക്കറ്റിലെ നാടോടിക്കഥകളുടെ ഭാഗമാണ്. അതിലെ നായകനോ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. 1998 മാര്‍ച്ച് 22ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച ആ ഇന്നിങ്‌സ് സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. അന്ന് ഓസീസിനു മുന്നില്‍ രണ്ടു പ്രതിയോഗികളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ഷാര്‍ജയിലെ മരുക്കാറ്റ്. മറ്റൊന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഡാമിയന്‍ ഫ്‌ളെമിങ്, മൈക്കല്‍ കാസ്പറോവിച്ച്, ഷെയ്ന്‍ വോണ്‍,  ടോം മൂഡി എന്നിവരെ നിലം തൊടാതെ പറത്തിയ സച്ചിന്‍ 131 പന്തില്‍ ഒമ്പതു ഫോറും അഞ്ചു സിക്‌സറുകളുമടക്കം 143 റണ്‍സെടുത്താണ് മടങ്ങിയത്. മത്സരം 26 റണ്‍സിന് തോറ്റെങ്കിലും മികച്ച റണ്‍റേറ്റോടെ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം സാധ്യമായത് സച്ചിന്റെ പ്രകടനം കാരണമായിരുന്നു.

ഇപ്പോഴിതാ 'ഡെസേര്‍ട്ട് സ്റ്റോം ഇന്നിങ്‌സ്' എന്ന പേരില്‍ പ്രസിദ്ധമായ ഈ ഇന്നിങ്‌സിനിടെ സഹതാരം വി.വി.എസ് ലക്ഷ്മണിനോട് ചൂടായതും അതിന്റെ പേരില്‍ ചേട്ടന്‍ അജിത്തില്‍ നിന്ന് ചീത്ത കേട്ടതിനെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സച്ചിന്‍.

ഓസീസ് ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് മരുക്കാറ്റ് മത്സരം തടസപ്പെടുത്തിയത്. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 46 ഓവറില്‍ 276 റണ്‍സായി പുനര്‍നിശ്ചയിച്ചു. സച്ചിനും ലക്ഷ്മണുമായിരുന്നു ക്രീസില്‍. എങ്ങനെയും മത്സരം ജയിക്കണമെന്ന വാശിയിലായിരുന്നു അന്ന് താനെന്ന് സച്ചിന്‍ പറയുന്നു. ഈ വാശിക്കിടെ ലക്ഷ്മണോട് സച്ചിന്‍ ചൂടാകുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ട് എന്ന പരിപാടിയിലാണ് ലിറ്റില്‍ മാസ്റ്റര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

''എനിക്ക് ഓര്‍മയുണ്ട്, അന്നത്തെ ഇന്നിങ്‌സിനിടെ ഒന്നുരണ്ടു വട്ടം ഞാന്‍ വികാരത്തിന് അടിപ്പെട്ടത്. ലക്ഷ്മണിനോട് ഞാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു റണ്‍സ് ഓടിയെടുക്ക്, ഞാനല്ലേ വിളിച്ചത്, പിന്നെന്താണ് നീ ഓടാത്തത്, തുടങ്ങി ലക്ഷ്മണോട് ഞാന്‍ ചൂടായി''

''എന്നാല്‍ തിരികെ വീട്ടില്‍ എത്തിയപാടെ ചേട്ടനില്‍ നിന്ന് എനിക്ക് നന്നായി ചീത്ത കേട്ടു. ചേട്ടന്‍ പറഞ്ഞു, ഇത്തരം കാര്യങ്ങളൊന്നും മൈതാനത്ത് നടക്കാന്‍ പാടില്ല. അവന്‍ നിന്റെ ടീം അംഗമാണ്. അവനും ടീമിനായി കളിക്കുന്നയാളാണ്. അത് നിന്റെ മാത്രം മത്സരമല്ല, അവനും നിന്റെയൊപ്പം കളിക്കാനുണ്ട്'', സച്ചിന്‍ ഓര്‍ത്തെടുത്തു.

അന്ന് അഞ്ചാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത സച്ചിന്‍-ലക്ഷ്മണ്‍ സഖ്യമാണ് ഇന്ത്യയ്ക്ക് ഫൈനലിലേക്ക് വഴിയൊരുക്കിയത്. ലക്ഷ്മണ്‍ 34 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്തു.

''എന്റെ മനസില്‍ മത്സരം ജയിച്ച് ഫൈനലിന് യോഗ്യത നേടണമെന്നത് മാത്രമായിരുന്നു. മാനസിക മുന്‍തൂക്കം കൂടി കണക്കിലെടുത്താണത്. നിങ്ങള്‍ എങ്ങനെയെങ്കിലും ഫൈനലിന് യോഗ്യത നേടുന്നതും ഓസീസിനെ തോല്‍പ്പിച്ച് ഫൈനലിലെത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അതോടെ എന്റെ ആദ്യ ശ്രമം മത്സരം ജയിക്കാന്‍ തന്നെയായിരുന്നു. അത് സാധ്യമാകില്ലെന്ന് തോന്നുമ്പോള്‍ മാത്രം യോഗ്യതയ്ക്കായി കളിച്ച് ഫൈനലില്‍ അവരെ തോല്‍പ്പിക്കുക എന്നതും. അതാണ് നടന്നതും'', സച്ചിന്‍ പറഞ്ഞു.

ഫൈനലില്‍ സച്ചിന്റെ മറ്റൊരു സെഞ്ചുറി പിറന്നു. ഇന്ത്യയ്ക്ക് വിജയവും.

Content Highlights: When Sachin Tendulkar lost his cool and was scolded by brother after ‘desert storm’ innings