ക്രിക്കറ്റ് ആരാധകര്‍ എന്നും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടുന്ന ദിവസമാണ് സെപ്റ്റംബര്‍ 23. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് എം.എസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തിയത്. അന്ന് സെമി പോരാട്ടത്തിന് മുമ്പ് ഇന്ത്യയുടെ മുന്‍താരവും കമന്റേറ്ററുമായിരുന്ന രവി ശാസ്ത്രി (നിലവില്‍ ഇന്ത്യയുടെ പരിശീലകന്‍) ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ ഒരു ലേഖനം എഴുതിയിരുന്നു. സെമി ഫൈനലില്‍ ഇന്ത്യയേക്കാള്‍ വിജയസാധ്യത ഓസ്‌ട്രേലിയക്കാണെന്ന് വ്യക്തമാക്കിയായിരുന്നു രവി ശാസ്ത്രിയുടെ ആ ലേഖനം. 

എന്നാല്‍ രവി ശാസ്ത്രിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ആ മത്സരത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും രവി ശാസ്ത്രിയുടെ ലേഖനം ചര്‍ച്ചയായി.

ശാസ്ത്രി ആയിരുന്നു അവതാരകന്‍. വിജയിച്ച ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോനി സംസാരിക്കാനെത്തി. അന്ന് മത്സരത്തെ വിലയിരുത്തും മുമ്പ് ശാസ്ത്രിയുടെ ലേഖനത്തെ കുറിച്ച് ധോനി സംസാരിച്ചു. അതു ഇങ്ങനെയായിരുന്നു. 'ക്രിക്ക് ഇന്‍ഫോയില്‍ നിങ്ങള്‍ എഴുതിയ ലേഖനത്തെ കുറിച്ച് നമുക്ക് ആദ്യം സംസാരിക്കാം. വിജയസാധ്യത ഓസ്‌ട്രേലിയക്കാണെന്നായിരുന്നു നിങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍ അതു തെറ്റാണെന്ന് ഞാനും എന്റെ കുട്ടികളും തെളിയിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.'

അന്നത്തെ ധോനിയുടെ ഈ വാക്കുകള്‍ ഇന്ന് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ട്വന്റി-20 ലോകകപ്പിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ആരാധകര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഇന്ത്യയുടെ വിജയനിമിഷത്തിന്റെ ചിത്രം ക്രിക്ക് ഇന്‍ഫോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ട്വീറ്റ് പങ്കുവെച്ച് രവി ശാസ്ത്രി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ക്രിക്ക് ഇന്‍ഫോയില്‍ നിങ്ങള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്' എന്നാണ് ശാസ്ത്രിയുടെ കമന്റ്. 
 
അന്ന് ഓസ്‌ട്രേലിയയെ 15 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 30 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്ത യുവരാജ് ആയിരുന്നു ഇന്ത്യയുടെ ഹീറോ.

 

Content Highlights: When MS Dhoni proved Ravi Shastri Wrong in front of whole world during T20 World Cup