രിന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തുക എന്ന അപൂര്‍വ റെക്കോഡ് അനില്‍ കുംബ്ലെ സ്വന്തമാക്കിയിട്ട് ഇന്നേക്ക് 21 വര്‍ഷം. 1999 ഫെബ്രുവരി ഏഴിനായിരുന്നു കുബ്ലെ പാകിസ്താന്‍ ഇന്നിങ്‌സിലെ പത്ത് ബാറ്റ്‌സ്മാന്‍മാരെയും പുറത്താക്കിയത്. 
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം വേദിയായ മത്സരം ഇന്ത്യ 212 റണ്‍സിന് ജയിക്കുകയും ചെയ്തു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന്‍ ജയിച്ചിരുന്നു. പരമ്പര സമനിലയാക്കാന്‍ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 252 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ പാകിസ്താനെ 172 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. നാല് വിക്കറ്റെടുത്ത കുംബ്ലെ തന്നെയായിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍.
 
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 339 റണ്‍സെടുത്തതോടെ പാകിസ്താന്റെ ലക്ഷ്യം 420 റണ്‍സായി. പാകിസ്താന്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഷാഹിദ് അഫ്രീദിയും സയീദ് അന്‍വറും ഓപ്പണിങ് വിക്കറ്റില്‍ 101 റണ്‍സെടുത്തു. അഫ്രീഡിയെ പുറത്താക്കിയാണ് കുംബ്ലെ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ ഇജാസ് അഹമ്മദ്, ഇന്‍സമാമുല്‍ ഹഖ്, മുഹമ്മദ് യൂസുഫ്, മോയിന്‍ ഖാന്‍, സയീദ് അന്‍വര്‍ എന്നിവരും കുംബ്ലെക്ക് മുന്നില്‍ വീണു. ശേഷിച്ച നാലും വിക്കറ്റും സ്വന്തമാക്കിയ കുംബ്ലെ പാകിസ്താന്‍ ഇന്നിങ്‌സിലെ പത്ത് വിക്കറ്റിനും ഉടമയായി. 

ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബൗളറായിരുന്നു കുംബ്ലെ. 1956 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ പത്ത് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
 
ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്ത കുംബ്ലെ 2008 ലാണ് വിരമിച്ചത്. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റ് സ്വന്തമാക്കിയ കുംബ്ലെ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായിട്ടുണ്ട്.

Content Highlights: When Kumble registered a Perfect 10 against Pak