മുംബൈ: സർക്കാർ ജോലിക്കായുള്ള കത്ത് കീറിയെറിഞ്ഞ് ബറോഡ ക്രിക്കറ്റ് ടീമിലേക്കുള്ള ട്രയൽസിന് പോയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന്ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുണാൽ പാണ്ഡ്യ. ബറോഡ ക്രിക്കറ്റ് ടീമിലേക്കുള്ള ട്രയൽസും സർക്കാർ ജോലിക്കുള്ള പരീക്ഷയും ഒരേ ദിവസമായിരുന്നു.

മാസം 15,000-20,000 രൂപ ശമ്പളം കിട്ടുന്ന സർക്കാർ ജോലിയായിരുന്നു അത്. ഈ ജോലിക്ക് ശ്രമിക്കാൻ അച്ഛൻ പറയുകയും ചെയ്തു. എന്നാൽ എന്റെ തീരുമാനം മറ്റൊന്നായിരുന്നു. ആ കത്ത് കീറി ഞാൻ ട്രയൽസിന് പോയി. ടീമിൽ ഇടം നേടിയതോടെ ജീവിതം മാറിമറിഞ്ഞു.

സയ്‌യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമിലാണ് അന്ന് ഞാൻ ഇടം നേടിയത്. മൂന്നു വർഷത്തോളം നീണ്ട കഠിനധ്വാനത്തിലൂടെ ഞാൻ വളരെയേറെ മുന്നോട്ടുപോയി. ക്രിക്കറ്റ് താരമാകാൻ ശ്രമിച്ചതുപോലെ അത്രയും ആത്മാർഥതയോടെ ഞാൻ സർക്കാർ ജോലിക്ക് ശ്രമിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആ കത്ത് കീറിയതിൽ എനിക്ക് കുറ്റബോധവുമില്ല. ഹാർദിക് പാണ്ഡ്യ എനിക്കുമുമ്പേ ടീമിൽ ഇടം നേടിയിരുന്നു.

സയ്‌യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ മുംബൈയിലായിരുന്നു. അന്ന് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പമുണ്ടായിരുന്ന കോച്ച് ജോൺ റൈറ്റ് എന്നേയും ഹാർദികിനേയും ശ്രദ്ധിച്ചു. അതു ഞങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായി. ഒട്ടുംവൈകാതെ ഞാനും ഹാർദികും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായി. ക്രുണാൽ പറയുന്നു.

content highlights: When Krunal Pandya tore up government job offer letter