മുംബൈ: ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചാലും മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയ്ക്കും ക്യാപ്റ്റന്‍ വിരാട് കോലിക്കും ടീമിനൊപ്പം ചേരാന്‍ സാധിക്കില്ലെന്ന് സൂചന.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുന്നതോടെ അടുത്ത ആഴ്ചയോടെ പരിശീലനത്തിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും കോവിഡ് ബാധ ശക്തമായ മുംബൈയില്‍ താമസിക്കുന്നതിനാല്‍ വീടുകളില്‍ തന്നെ കഴിയേണ്ടിവരും. നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്.

മുംബൈയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നതിനാല്‍ കോലി, രോഹിത് എന്നിവര്‍ക്ക് അവിടെ തന്നെ കഴിയേണ്ടതായിവരുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധൂമല്‍ പറഞ്ഞു. ലോക്ഡൗണില്‍ ഇളവ് വരുന്നതോടെ താരങ്ങള്‍ സ്‌കില്‍ ബേസ്ഡ് ട്രെയ്നിങ്ങിലേക്ക് കടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലകരും ഫിസിയോയും നിലവില്‍ താരങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പരിശീലന സെഷനുകളുമുണ്ട്. കളി ആരംഭിക്കുമ്പോഴേക്കും 100 ശതമാനം ഫിറ്റ്നസോടെ കളിക്കാരെ ലഭിക്കുകയാണ് ലക്ഷ്യമെന്നും ധൂമല്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ പരിശീലനം സംബന്ധിച്ച് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: when India return to training Virat Kohli, Rohit Sharma could remain stranded in Mumbai